മൂന്ന് ഭാഷകളിലായി 27 കവിതകള്‍ രചിച്ച് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടം നേടി തൃപ്പൂണിത്തുറ ഗണപതി മഠത്തില്‍ തീര്‍ത്ഥാ വിവേക്

നാലാം ക്ലാസുകാരിയായ തീര്‍ത്ഥ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണ് സ്വന്തം ആശയത്തില്‍ നിന്ന് കവിതകള്‍ ചൊല്ലാന്‍ തുടങ്ങിയതും പിന്നീട് അവ രചിച്ചു തുടങ്ങിയതും.

ചെറുപ്രായത്തില്‍ തന്നെ കുഞ്ഞുണ്ണിക്കവിതകളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. കുഞ്ഞുണ്ണി മാഷിനെ വര്‍ണിച്ചാണ് ആദ്യ കവിത രചിക്കുന്നത്. ഹാസ്യവും ചിന്തകളും കളിയും ചിരിയും കൂട്ടുകാരും അമ്മയും സ്‌നേഹവും ഭക്തിയും കുസൃതിയും പക്ഷിമൃഗാദികളും നാടന്‍ കഥാപാത്രങ്ങളും ഒത്തിണങ്ങി ചേരുന്നുണ്ട് തീര്‍ത്ഥയുടെ 27 കുട്ടിക്കവിതകളിലും. കവിതകളിലെ തനതായ ആശയം സ്വയം ചിത്രങ്ങള്‍ വരച്ചും തീര്‍ത്ഥാ ടോക്‌സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ കവിതകള്‍ അവതരിപ്പിച്ചും തന്റെ കൂട്ടുകാരിലേക്കും കുട്ടികളിലേക്കും പങ്കുവയ്‌ക്കാനും ശ്രമിക്കുന്നു.

ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ കുഞ്ഞുണ്ണി മാഷിന്റെ 51 കവിതകള്‍ നിര്‍ത്താതെ ചൊല്ലി ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡിലും ഇടം നേടി ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി കരസ്ഥമാക്കിയിട്ടുണ്ട്. തന്റെ കുട്ടിക്കവിതകള്‍ സമാഹരിച്ച് പുസ്തകരൂപത്തില്‍ കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കാനുള്ള ആഗ്രഹത്തിലാണ് ഈ മിടുക്കി.
തൃപ്പൂണിത്തുറ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. വിവേക് കെ. വിജയന്റെയും സെന്റ് തെരേസാസ് കോളജ് അസി. പ്രൊഫ. ഡോ. സൗമ്യ വിവേകിന്റെയും മകളാണ്.


RELATED STORIES