വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ഈ വർഷം ഡിസംബറിലാകും കേരളീയം പരിപാടി നടത്തുക. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു പരിപാടി നടത്തിയത്. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദേശം നല്‍കി.

കഴിഞ്ഞവർഷം ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ ആണ് കേരളീയം നടന്നത്. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി പരിപാടികളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ ഏഴ് വരെയായിരുന്നു കേരളീയമെന്ന പേരിൽ വിവിധ കലാ- സാസ്‌കാരിക പരിപാടികൾ തലസ്ഥാനത്ത് സംഘടിപ്പിച്ചത്. കേരളീയം പരിപാടിയുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് ഒരു കോടി 55 ലക്ഷം രൂപയാണ്. ഏഴ് കലാപരിപാടികൾക്ക് മാത്രമുള്ള ചെലവാണിത്.

ഇനി എല്ലാ വർഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വർഷം കേരളീയ സമാപന വേദിയിൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞതവണ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും പണം പിരിച്ചായിരുന്നു കേരളീയത്തിന്റെ ഫണ്ട് കണ്ടെത്തിയിരുന്നത്.


RELATED STORIES