ആർസി ബുക്കിലെ പേര് മാറ്റി തട്ടിപ്പ് ; മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: തിരൂരങ്ങാടിയിൽ ഉടമകൾ അറിയാതെ ആർസിയിൽ പേരുമാറ്റിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. പരപ്പനങ്ങാടി ഉള്ളത്ത് കരുവാടത്ത് നിസാർ (43), കരുവങ്കല്ലിലെ നയീം (39), ചെട്ടിപ്പടി കോട്ടുവാളൻ്റെ പുരക്കൽ ഫൈജാസ് (28) എന്നിവരാണ് അറസ്റ്റിലായത്.

രണ്ടുപേരുടെയും സഹായത്തോടെ നിസാർ ആർസിയിൽ കൃത്രിമം നടത്തിയതായി പൊലീസ് കണ്ടെത്തി. വ്യാജ ആർസി ഉണ്ടാക്കാൻ തിരൂരങ്ങാടി സബ് ആർടി ഓഫീസിൽ നിന്ന് സഹായം ലഭിച്ചതായും നിസാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ സബ് ആർടി ഓഫീസിലേക്കും അന്വേഷണം നീങ്ങും.

വായ്പയെടുത്ത് അടവ് മുടങ്ങിയ വാഹനങ്ങള്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ പിടിച്ചെടുത്തിരുന്നു. ഈ വാഹനങ്ങളാണ് ഉടമസ്ഥരറിയാതെ അവരുടെ പേരില്‍ നിന്നും മാറ്റിയത്. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപെട്ട് ജോയിന്‍റ് ആര്‍ ടി ഒ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.

മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റ് മുഖേന ഓണ്ലൈനിൽ ആണ് ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ നൽകേണ്ടത്. അങ്ങനെ അപേക്ഷ നല്‍കുമ്പോള്‍ ഉടമസ്ഥന്‍റെ ഫോൺ നനമ്പറില്‍ ഒടിപി വരും. ഇവിടെ ഈ ഒ ടി പി വന്നില്ല. പുറത്തു നിന്നുള്ള ഒരാള്‍ക്ക് ഇടപെടാൻ കഴിയാത്ത സൈറ്റില്‍ കയറി മൊബൈല്‍ നമ്പര്‍ മാറ്റിയാണ് ഇവിടെ തട്ടിപ്പ് നടത്തിയത്.


RELATED STORIES