ഒന്നിനു പുറകെ ഒന്നായി കശുവണ്ടി ഫാക്ടറികള്‍ പൂട്ടിത്തുടങ്ങിയതോടെ മേഖലയില്‍ തൊഴിലെടുത്തിരുന്നവരെല്ലാം പട്ടിണിയിലായി

ഓണം വറുതിയുടെ പിടിയിലായി. ഒരുകാലത്ത് തൊഴിലാളികള്‍ക്ക് കരുത്തായിരുന്ന കശുവണ്ടി മേഖല അധികൃതരുടെ അവഗണനയാല്‍ തകര്‍ന്നടിഞ്ഞു. തൊഴിലാളികളുടെ കുടുംബങ്ങളില്‍ ഓണം ആഘോഷിക്കുന്നത് കശുവണ്ടി ഫാക്ടറികളില്‍ നിന്നും ലഭിക്കുന്ന ബോണസിലായിരുന്നു. എന്നാല്‍ ഇന്ന് ഭൂരിഭാഗം തൊഴിലാളികളും തൊഴില്‍ നഷ്ടപ്പെട്ട് അര്‍ധ പട്ടിണിയിലാണ്.

കശുവണ്ടി ഫാക്ടറികളുടെ ഈറ്റില്ലമായ കൊല്ലം ജില്ലയോട് ചേര്‍ന്നു കിടക്കുന്ന തിരുവനന്തപുരത്തിന്റെ വടക്കന്‍ മേഖലയായ കല്ലമ്പലത്തും പരിസരങ്ങളിലുമായി ഒരുകാലത്ത് ധാരാളം കശുവണ്ടി ഫാക്ടറികള്‍ ഉണ്ടായിരുന്നു. നാട്ടിന്‍പുറത്തെ സ്ത്രീകളുടെ പ്രധാന വരുമാന മാര്‍ഗവും ഇതായിരുന്നു. ഇന്ന് അവയില്‍ 90 ശതമാനത്തോളം ഫാക്ടറികളും പൂട്ടിക്കഴിഞ്ഞു. ഇതോടെ ഇത്തവണത്തെ ഓണം കശുവണ്ടിത്തൊഴിലാളികള്‍ക്ക് പട്ടിണിയുടെയും ദാരിദ്ര്യത്തിന്റേതുമായി.

കിളിമാനൂര്‍, പള്ളിക്കല്‍, മടവൂര്‍, നാവായിക്കുളം, കല്ലമ്പലം പ്രദേശങ്ങളിലാണ് പ്രധാനമായും കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ജില്ലയിലെ വടക്കന്‍ മേഖലയില്‍ 91 കശുവണ്ടി ഫാക്ടറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ 15 ല്‍ താഴെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മുമ്പ് കശുഅണ്ടി കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറികള്‍ ഇപ്പോള്‍ കെഎസ്ഡിസിക്ക് കീഴിലും കാപെക്‌സിന് കീഴിലുമായി.

പ്രാദേശിക കശുവണ്ടി ഉത്പാദനത്തില്‍ വന്ന ഗണ്യമായ കുറവും തോട്ടണ്ടിയുടെ വില കൂടുതലുമാണ് തൊഴില്‍ശാലകള്‍ പൂട്ടാന്‍ കാരണമായത്. ഫാക്ടറികളില്‍ തോട്ടണ്ടി വറുക്കല്‍ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നത് പുരുഷന്മാരാണ്. തോട്ടണ്ടി തല്ലല്‍, പീലിംഗ് (പരിപ്പിന്റെ പുറത്തെ ബ്രൗണ്‍ തൊലി ഇളക്കല്‍) പാസിംഗ് (തരംതിരിക്കല്‍) ജോലികള്‍ ചെയ്തിരുന്നത് സ്ത്രീകളാണ്. മിക്ക ഫാക്ടറികളിലും 400 മുതല്‍ 550 വരെ തൊഴിലാളികള്‍ പണിയെടുത്തിരുന്നു. മിക്ക ഫാക്ടറികളും നിലംപൊത്തി.

പുളിമാത്ത് പഞ്ചായത്തിലെ പൊരുന്തമണ്‍, കുറ്റിമൂട്, കിളിമാനൂര്‍ പഞ്ചായത്തിലെ മുളയ്‌ക്കലത്തുകാവ്, ഗുരുനഗര്‍, തകരപ്പറമ്പ്, നഗരൂര്‍ പഞ്ചായത്തിലെ കീഴ്‌പേരൂര്‍, ഊന്നന്‍കല്ല്, മടവൂര്‍ പഞ്ചായത്തിലെ മടവൂര്‍ കവലയിലെ ഫാക്ടറി, പള്ളിക്കല്‍ പഞ്ചായത്തിലെ കാട്ടുപുതുശ്ശേരി, പള്ളിക്കല്‍ ടൗണ്‍, ആറയില്‍, നെട്ടയം, മാരംകോട്, നാവായിക്കുളത്ത് ഇരുപത്തെട്ടാംമൈല്‍, കല്ലമ്പലം, നാവായിക്കുളം ക്ഷേത്രത്തിന് സമീപം വെള്ളൂര്‍ക്കോണം അടക്കമുള്ള ഫാക്ടറികളിലേറെയും അടച്ചിട്ടിരിക്കുന്നു. മിക്കതും പൊളിഞ്ഞുവീണു.

വര്‍ഷങ്ങളായി പകലന്തിയോളം ഫാക്ടറികളില്‍ കുനിഞ്ഞിരുന്ന് ജോലി ചെയ്തവരില്‍ മിക്കവര്‍ക്കും കഠിനമായ നടുവേദനയാണ് ഇപ്പോൾ. ഇവരില്‍ ഏതാനുംപേര്‍ തൊഴിലുറപ്പ് പണികള്‍ക്കുപോയി ഉപജീവനം കണ്ടെത്തുന്നു. ഫാക്ടറികള്‍ തുറക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവരുമുണ്ട്. ഇവരുടെയെല്ലാം ഓണക്കാല സ്വപ്‌നങ്ങളിലാണ് കരിനിഴല്‍ വീണിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ശമ്പളത്തോടൊപ്പം ബോണസും ലഭിച്ചിരുന്നു. 2021 ല്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കണക്ക് പ്രകാരം 44 ഫാക്ടറികള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയായിരുന്നു. ഓണക്കാലത്ത് ഈ ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 2000 രൂപ വീതം സര്‍ക്കാര്‍ ബോണസ് നല്‍കിയിരുന്നു. ഇക്കുറിയും സര്‍ക്കാരിന്റെ ചെറിയൊരു കൈത്താങ്ങ് ഇത്തരം തൊഴിലാളി കുടുംബങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ പട്ടിണി ഓണമാണ് പലര്‍ക്കും.

RELATED STORIES