പീഡനക്കേസ് പ്രതിയായ പ്രൊഡക്‌ഷൻ കൺട്രോളറുടെ മരണത്തിൽ അന്വേഷണം

കൊച്ചി: പീഡനക്കേസിൽ പ്രതിയായ പ്രൊഡക്‌ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം.

തിരുവനന്തപുരം സ്വദേശിയായ ഷാനുവിനെ എംജി റോഡിൽ പള്ളിമുക്കിലെ ഹോട്ടലിന്റെ കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ മദ്യക്കുപ്പികൾ ചിതറിക്കിടക്കുന്ന സ്ഥിതിയിലായിരുന്നു.

ഈ മാസം 11ന് രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണു ഷാനു ഹോട്ടലിൽ മുറിയെടുത്തതെന്നു ജീവനക്കാർ പറയുന്നു. രണ്ടു ദിവസം മുൻപ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മുറിയൊഴിഞ്ഞു പോയിരുന്നു.

ഇന്നലെ ആളെ പുറത്തു കാണാത്തതിനെ തുടർന്നു വൈകിട്ടു 3 മണിയോടെ ജീവനക്കാർ നടത്തിയ പരിശോധനയിലാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ ഷാനുവിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 2018ൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നായിരുന്നു പരാതി. മരണത്തിൽ സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED STORIES