സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള തീയതി നീട്ടി

2024 ഡിസംബര്‍ 14 വരെ ഇനി ആധാര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

ജൂണ്‍ 14-ന് ശേഷം ഇത് രണ്ടാം തവണയാണ് UIDAI അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടുന്നത്. ആധാര്‍ വിശദാംശങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയ യുഐഡിഎഐയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ മാത്രമാണ് ലഭ്യമാകുന്നത്. തിരിച്ചറിയല്‍-മേല്‍വിലാസ രേഖകള്‍ myaadhaar.uidai.gov.in വഴി ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാനാകൂ.

ആധാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നല്‍കണം. ഇതുവരെ ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നല്‍കാതിരുന്നവര്‍ക്കും നിലവിലുള്ള ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ മാറ്റം വന്നവര്‍ക്കും അക്ഷയ ആധാര്‍ കേന്ദ്രങ്ങള്‍ വഴി അപ്ഡേറ്റ് ചെയ്യാം. നവജാതശിശുക്കള്‍ക്കും ആധാര്‍ എന്റോള്‍ ചെയ്യണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റിന് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കില്ല. എന്റോളിംഗിന് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും മാതാപിതാക്കളില്‍ ഒരാളുടെ ആധാറും മാത്രം മതിയാകും.

കുട്ടികളുടെ ബയോമെട്രിക്സ് അഞ്ച് വയസിലും 15 വയസിലും നിര്‍ബന്ധമായും പുതുക്കണം. അഞ്ചാം വയസിലെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ ഏഴു വയസിനുള്ളിലും 15 വയസിലെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ 17 വയസിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കല്‍ സൗകര്യം ലഭിക്കൂ.ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ വര്‍ദ്ധിച്ചുവരുന്ന അപകടസാധ്യതയും സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. പതിവ് അപ്ഡേറ്റുകള്‍ വഴി, ഗവണ്‍മെന്റിന് കൃത്യവും സുരക്ഷിതവുമായ ഒരു ഡാറ്റാബേസ് നിലനിര്‍ത്താന്‍ കഴിയും. ഇത് ആധാര്‍ ദുരുപയോഗത്തിന്റെ സാധ്യത കുറയ്‌ക്കാന്‍ സഹായിക്കുന്നു.


RELATED STORIES