വിവാഹാഭ്യർദ്ധന നിരസിച്ചു; അദ്ധ്യാപികയെ ക്ലാസ് റൂമിലിട്ട് കൊലപ്പെടുത്തി

ചെന്നൈ: വിവാഹാഭ്യർദ്ധന നിരസിച്ചതിന് അധ്യാപികയെ ക്ലാസിൽ കയറി കുത്തിക്കൊലപ്പെടുത്തി. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി രമണിയാണ് കൊല്ലപ്പെട്ടത്. മല്ലിപ്പട്ടണം സ്വദേശി മഥൻ(30) ആണ് കൊലനടത്തിയതെന്ന് പോലീസ് അറിയിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു സംഭവം.

മല്ലിപ്പട്ടണത്തെ സർക്കാർ ഹൈയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് രമണി. ക്ലാസെടുക്കുന്നതിനിടെ ക്ലാസിലേക്ക് കയറിവന്ന അക്രമി വിദ്യാർഥികളുടെ മുന്നിൽവെച്ച് രമണിയെ കുത്തുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പട്ടു.

വിവാഹാഭ്യർദ്ധന നിരസിച്ചതിനാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. നാലുമാസം മുമ്പാണ് യുവതി സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കുന്നത്. ഈ നാലുമാസത്തിനിടെ നിരവധി തവണ മഥൻ രമണിയോട് പ്രണയാഭ്യർദ്ധന നടത്തിയിരുന്നു. കൂട്ടുകാരുടെ ഒപ്പമെത്തി ഇവരെ ശല്യം ചെയ്യുന്നതും പതിവായിരുന്നു.

അതിനിടെ, മഥന്റെ കുടുംബം രമണിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഈ ആലോചനയും ഇവർ നിരസിച്ചതിലുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. അക്രമിയെ സ്കൂൾ അധികൃതരാണ് പിടിച്ചുവെച്ച് പോലീസിന് കൈമാറിയത്.

വിഷയത്തിൽ പ്രതികരിച്ച് തമിഴ്നാട് വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷ് രം​ഗത്തെത്തി. ‘അധ്യാപികമാർക്കെതിരായ അക്രമം വെച്ചുപൊറുപ്പിക്കാനാവില്ല. അക്രമിക്കെതിരേ കടുത്ത നിയമ നടപടിയുണ്ടാകും’, മന്ത്രി എക്സിൽ കുറിച്ചു.

RELATED STORIES