ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍

വൈക്കം ഡപ്യൂട്ടി തഹസില്‍ദാര്‍ (എല്‍.ആര്‍.) ടി.കെ. സുഭാഷ്‌കുമാറിനെയാണു വിജിലന്‍സ് ഡിവൈ.എസ്.പി. വി.ആര്‍. രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്.

കൈക്കൂലി പണം സി.ഡി.എം. മുഖേന അയയ്ക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. ഭാര്യയുടെ പേരിലുള്ള 24 സെന്റ് വസ്തു പോക്ക് വരവ് ചെയ്യാന്‍ പ്രവാസി മലയാളി മുളക്കുളം വില്ലേജ് ഓഫിസില്‍ പരാതി നല്‍കിയിരുന്നു. 11 സെന്റ് മാത്രമാണു പോക്കുവരവ് ചെയ്തു നല്‍കിയത്. ബാക്കി സ്ഥലത്തെ പോക്കുവരവ് പൂര്‍ത്തിയാക്കാന്‍ താലൂക്ക് ഓഫിസില്‍ നല്‍കിയ അപേക്ഷയില്‍ സുഭാഷ്‌കുമാര്‍ 60000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.തുടര്‍ന്ന്, വിജിലന്‍സ് നിര്‍ദേശാനുസരണം പരാതിക്കാരന്‍ ആദ്യ ഗഡുവായ 25,000 രൂപയുമായി ഇന്നലെ എത്തി.

പണം സി.ഡി.എമ്മില്‍ നിക്ഷേപിക്കാന്‍ സുഭാഷ് നിര്‍ദേശിച്ചു. എന്നാല്‍, പണം സി.ഡി.എമ്മില്‍ നിക്ഷേപിക്കാന്‍ അറിയില്ലെന്നു പരാതിക്കാരന്‍ അറിയിച്ചു. തുടര്‍ന്നു പരാതിക്കാരനെയും കൂട്ടി ഓഫീസിനു സമീപം എസ്.ബി.ഐ: സി.ഡി.എമ്മില്‍ എത്തിയപ്പോള്‍ വിജിലന്‍സ് അറസ്റ്റു ചെയ്യുകയായിരുന്നു. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്നു വിജിലന്‍സ് സംഘം അറിയിച്ചു.

RELATED STORIES