എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ (44) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട്.
Reporter: News Desk 17-Jul-202561

വിനീതയാണ് ആത്മഹത്യ ചെയ്യാൻ നിൽക്കുന്നവർക്ക് ആശ്വാസമായി മുമ്പ് ഈ വാക്കുകൾ എഴുതിയത്...സ്വന്തം വേദന
കടിച്ചമർത്തി...! 😔
-------
"എനിക്കു തോന്നുന്നു: ആത്മഹത്യയുടെ നിമിഷത്തിൽ ചുറ്റും ഇരുട്ടാവും... ചിന്തയിലും, ഓർമ്മയിലും എല്ലാം.... ആത്മഹത്യ ചെയ്യാനുള്ള ഉപാധി മാത്രമാകും ആ ഇരുട്ടിൽ തെളിയുക...!
എല്ലാം അനുഭവിച്ചു കഴിഞ്ഞെന്നു കരുതി
ഒരു തുണ്ട് കയറിൽ തൂങ്ങിയാടും മുൻപ്,
ഒരു കഷ്ണം മൂർച്ചയിൽ ചോർന്നു പോകും മുമ്പ്,
ഒരു കിണറാഴമളന്നു ചത്തു വീർക്കും മുൻപ്,
വേഗതയേറിയ വണ്ടിക്ക് മുൻപിലേക്കെടുത്തു ചാടും മുൻപ്,
ഒന്ന് നിൽക്കൂ..... പറയട്ടെ.
നിങ്ങളുടെ കുട്ടിക്കാലത്ത് മറന്നു വെച്ച മനുഷ്യരാരെങ്കിലുമിവിടെ ബാക്കി ഉണ്ടോ.
നിങ്ങളുടെ ജീവിതത്തിനൊരു ഫുൾസ്റ്റോപ്പിടും മുൻപ് അവരിലാരെയെങ്കിലുമൊന്ന് കാണാൻ പോകണം.
വണ്ടിയിലിരിക്കുമ്പോൾ ഓർമ്മിക്കണം.
ചില വ്യക്തികളെ നമ്മളെന്തിനാണ് കണ്ടു മുട്ടിയതെന്ന്!...
നിങ്ങളെ സ്നേഹിച്ചവർ,
നിങ്ങൾക്ക് സ്നേഹം നിഷേധിച്ചവർ,
നിങ്ങളുടെ ബലഹീനതകളെ പരിഗണിച്ചവർ,
സ്നേഹത്തെ മുതലെടുത്തവർ,
ഒരു വാക്ക് ചോദിക്കും മുൻപ് സഹായിക്കാൻ കൈകൾ നീട്ടിയവർ,
നിങ്ങളുടെ നീട്ടിയ കരങ്ങളേയും ദയനീയതയേയും കണ്ണുനീരിനേയും നിസഹായതയായും നിർദയം തളളി കളഞ്ഞു മുഖം തിരിച്ചവർ
അപമാനിച്ചവർ,
അപവാദങ്ങളാൽ ഒറ്റപെടുത്തിയവർ,
ലജ്ജിക്കാനനുവദിക്കാതെ സ്വകാര്യമായി മാപ്പ് നൽകി ചേർത്ത് നിർത്തി താദാത്മപെട്ടവർ,
വേണ്ടത്ര സ്നേഹിക്കാതിരുന്നിട്ടും
പരിഗണിക്കാതിരുന്നിട്ടും വിട്ടു പോകാതിരുന്ന ഉറ്റ സുഹൃത്തുക്കൾ,
എല്ലാ പ്രതീക്ഷയും നശിച്ച നേരത്ത് എല്ലാം ശരിയാകും എന്നൊരു ശുഭപ്രതീക്ഷ തന്നവർ,
എല്ലാവരേയും സാവധാനം ഓർത്തെടുക്കുക.
ശേഷം
വഴിയിലേക്ക്... കാഴ്ചകളിലേക്ക്....
വെറുതെയല്ലാതെ നോക്കി ഇരിക്കുക.
കിഡ്നി തകരാറിലായ ആരുടേയോ ആർക്കോ വേണ്ടി ചികിത്സയ്ക്കുളള കാശിനായി റോഡരികിൽ തൊണ്ട പൊട്ടി പാടുന്ന അന്ധൻ,
ക്യാൻസർ ബാധിതനായ,,
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ,,
ഐസിയുവിലുളള,,
ഒരു ബന്ധവും ഇല്ലാത്ത ആർക്കൊക്കെയോ വേണ്ടി
ബക്കറ്റും പ്ലക്കാർഡുമായി സഹായിക്കൂ എന്ന് കൈനീട്ടി യാചിക്കുന്ന ഒരു കൂട്ടം യുവതീ യുവാക്കൾ,
ആരുമല്ലാത്ത ആർക്കൊക്കെയോ വേണ്ടി രക്തദാനഫോമുകളുമായെത്തുന്ന ചെറുപ്പക്കാർ,
റോഡരികിലെ യാചകരുടെ കയ്യിലെ തളർന്ന കുഞ്ഞ്,
മുന്നിലൂടെ പോകുന്ന വണ്ടിയിൽ എഴുതി വെച്ച വരികൾ,
പള്ളി മതിലിലെ ബൈബിൾ വാചകങ്ങൾ,
നമ്മുടയൊക്കെ ജീവിതത്തിൽ ഇതെല്ലാം ഇങ്ങനെ നിരത്തി വച്ചതെന്തിനാണ് എന്ന്
എപ്പോഴെങ്കിലും നിങ്ങളാലോചിച്ചിട്ടുണ്ടോ?
നമ്മളൊന്നും ആരുടേയും ആരുമല്ലെങ്കിൽ പോലും ആരെങ്കിലും ഒരാൾ ഇത് പോലെ സഹായം ചോദിച്ചെത്തുമ്പോൾ സഹായിക്കാൻ ബാധ്യസ്ഥപെട്ടവരാണ് നാം എന്നോർക്കാൻ.
സ്വയമറുത്ത് കുഴിച്ചിടും മുൻപ്,
ഒരൊറ്റ നാണയം,
ഒരു ചിരി
വീണുപോകുമ്പോൾ കൈനീട്ടിയൊരു പിടുത്തം
ചിലപ്പോൾ നിങ്ങളുടെ ചോരയോ, കിഡ്നി, കരളോ
വിശന്നും വലഞ്ഞും ജീവൻ തിരിച്ചു പിടിക്കാൻ യാചിക്കുന്നവരേറെയാണ്...!
നിങ്ങളുടെ ജീവിതത്തിൽ എത്രയെത്ര ദൈവത്തിന്റെ ചാരന്മാരാണ്
പലവേഷത്തിൽ നിങ്ങൾക്ക് ചുറ്റുമുളളത്.
എന്നത് പോലെ നിങ്ങളും ദൈവമാകുന്നൊരു നിമിഷം വരും.
പിടഞ്ഞു തീരും മുൻപ് ജീവിതം സാധ്യമാണോ എന്ന് ഒന്ന് കൂടി ശ്രമിച്ചു നോക്കുക,
ഒരു അനാഥാലയത്തിൻറ
അല്ലെങ്കിലൊരാശുപത്രിയുടെ വാതിൽക്കൽ
നിന്ന് നിങ്ങളുടെ ജീവിതത്തെ ഒരിക്കൽ കൂടി സൂഷ്മദർശിനിയിലൂടെന്നവിധം നിരീക്ഷിക്കുക.
പ്രതീക്ഷയോടെ നിങ്ങളെ നോക്കുന്ന,
പ്രതീക്ഷയുളള യാതൊന്നുമവിടെ കാണുന്നില്ലെങ്കിൽ
നിങ്ങളോട് ഏറ്റവും അടുപ്പമുള്ള ഒരാളെ കണ്ടു മിണ്ടി പോരാനെങ്കിലും നിങ്ങൾക്കവസാനം സാധിക്കട്ടെ എന്ന ആശംസയോടെ........
വിനീത കുട്ടഞ്ചേരി ❤️
-------
ഇങ്ങനെയെഴുതിയ വിനീതയും പതറിപ്പോയിരിക്കുന്നു...! 😔
ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മലയാളസാഹിത്യത്തിനുള്ള 2019-ലെ അവാർഡ് ജേതാവാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു വിനീതയുടെ 'വിൻസെന്റ് വാൻഗോഗിന്റെ വേനൽപക്ഷി' എന്ന പുസ്തകം തൃശ്ശൂർ പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്തത്.
സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്നു.
അവണൂർ പഞ്ചായത്തിലെ പിന്നോക്ക വിഭാഗം പ്രമോട്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
ഭർത്താവ്:
അവണൂർ മണിത്തറ കാങ്കിൽവീട്ടിൽ രാജു.
മക്കൾ:
ശ്രീരാജി,
ശ്രീനന്ദ.
-------
'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ്. ഇനി ഇങ്ങനെ ഒരു ദിവസം ഉണ്ടാകാനിടയില്ല..!' ഞായറാഴ്ച തൃശ്ശൂർ പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന സ്വന്തം പുസ്തക പ്രകാശനത്തിന്റെ മറുപടി പ്രസംഗത്തിൽ വിനീത പറഞ്ഞു. വിനീതയും അൻസർ കായൽവാരവും ചേർന്നെഴുതിയ 'വിൻസെന്റ് വാൻഗോഗിന്റെ വേനൽപക്ഷി' എന്ന നോവൽ ഞായറാഴ്ച മന്ത്രി ആർ. ബിന്ദുവാണ് പ്രകാശനം ചെയ്തത്. എഴുത്തുകാരി ധനുജകുമാരിയാണ് പുസ്തകം ഏറ്റുവാങ്ങിയത്.
കവിതയും കഥയും നോവലും എഴുതിയിരുന്ന വിനീത ഖത്തറിൽ ജോലി ചെയ്യുമ്പോഴാണ് സാമൂഹിക മാധ്യമങ്ങളിൽ സജീവമായതും ആദ്യ നോവൽ പൂർത്തിയാക്കിയതും. വിവിധ മേഖലകളിൽ തൊഴിലെടുക്കുമ്പോഴും എഴുത്തിൽ നിറഞ്ഞു നിന്നു.
'പഞ്ചാഗ്നി',
'ഹൃദയരക്തത്തിന്റെ സ്വാദ്',
'പുഴ മത്സ്യത്തെ സ്നേഹിച്ചപ്പോൾ'
തുടങ്ങിയവയാണ് നേരത്തേ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.
വിപുലമായ സൗഹൃദവലയവും സാമൂഹിക ഇടപെടലുകളും കൊണ്ട് ശ്രദ്ധേയയായിരുന്നു.
പറയാനുള്ളതെല്ലാം ഒരു നോവലിൽ എഴുതിവെച്ചാണ് വിനീത കുട്ടഞ്ചേരി ജീവിതത്തിൽനിന്ന് പടിയിറങ്ങി പോകുന്നത്...! 😔
-------
ആത്മഹത്യയ്ക്കെതിരെ പ്രചോദനം നൽകിയ വിനീത
കുറച്ചു മാസങ്ങൾക്കു മുമ്പ് എഴുതിയ മറ്റൊരു കുറിപ്പ്.
മനസു പിടഞ്ഞപ്പോൾ ആവണം...!
"അഞ്ചിൽ താഴെ മാത്രം മനുഷ്യർ നിരന്തരം മിണ്ടിയിരുന്ന ഒരുവൾ
ഓർക്കാപ്പുറത്ത് ആത്മഹത്യ ചെയ്യും.
അയ്യായിരത്തിലേറെ പേർ വന്ന്
ആദരാഞ്ജലികൾ പറയും.
ജനിച്ച നാടും
ജീവിച്ച നാടും
അവളുടെ കുട്ടിക്കാലം മുതൽ
ഓർമ്മകൾ ഓർത്തെടുത്തു
അനുസ്മരണം നടത്തും.
സഞ്ചയനവും
സദ്യയും കേമമായി
എന്ന് പറയും.
ഉമ്മറത്ത് നിന്നും മാറി
പിന്നാമ്പുറങ്ങളിൽ ചിലർ
അവളുടെ അവിഹിതങ്ങൾ കുശുകുശുക്കും.
മറ്റ് ചിലർ അവൾ നടന്ന വഴിയെ
പിൻതുടർന്നതോർത്ത് മൗനമാകും.
തരാത്ത നോട്ടത്തിന്റയും
പറയാത്ത വാക്കിന്റെയും
പകരമായി പറഞ്ഞ് പരത്തിയ
കഥകൾക്ക് നിറം കൊടുക്കും
എല്ലാത്തിനും നടുവിൽ മരിച്ചടക്ക് കാണാൻ കിട്ടിയ ഏഴ് ദിവസവും
കയ്യിൽ പിടിച്ച്
ആത്മഹത്യ ചെയ്തവൾ
ഇറയത്ത് തൂണിൽ ചാരി മുഷിഞ്ഞിരിക്കുന്നുണ്ടാവും.
ഇഷ്ടം പറഞ്ഞവരും
പറയാത്തവരും
സ്നേഹിച്ചവരും
അല്ലാത്തവരും
ആരുമല്ലാത്തവരും
എല്ലാമായവരും
കപടസ്നേഹത്തിൻറ കറയിൽ
ഏഴ് ദിവസം കഴിഞ്ഞ് പോകുമ്പോൾ
ആത്മഹത്യ ചെയ്തവൾ
നേരത്തെ ചത്ത് പോകാത്തതിൽ പശ്ചാത്തപിച്ചു പിന്നെയും ആത്മഹത്യ ചെയ്യാൻ വഴി നോക്കുന്നു.
അല്ലെങ്കിലും ഒന്നാലോചിച്ചു നോക്കൂ,
എത്ര വൃത്തികെട്ട ജീവികളാണ് ചില മനുഷ്യർ.
അന്യൻറ ജീവിതം കാർന്നു തിന്നുന്ന,
തിന്ന് വിശപ്പടക്കാൻ അല്ലാതെ കൊന്ന് കൂട്ടുന്ന
ഇത് പോലെ നികൃഷ്ടരായ ഒരു ജീവി വർഗ്ഗവും ഭൂമിയിൽ നാളിതുവരെ ഉണ്ടായി കാണില്ല .
വിനീത രാജു കാങ്കിൽ.
-------
"അഞ്ചിൽ താഴെ മാത്രം മനുഷ്യർ
"നിരന്തരം" മിണ്ടിയിരുന്ന ഒരുവൾ...! 😔
അതൊരു സൂചകമാണ്...!
പരസ്പരം സംസാരിക്കുന്നവർ അന്യമാകുന്നു...!
എല്ലാവരും തിരക്കിലാണ്...!
താത്കാലിക ആശ്വാസമായി
അഞ്ചിഞ്ചു സ്‌ക്രീനുകൾ...!
ആറടിയിലേക്ക് തുറക്കുന്ന വഴികൾ...!
മനുഷ്യരില്ല...! 😔
വർത്തമാനങ്ങളില്ല...! 😔
സമ്പർക്കങ്ങളില്ല...! 😔
മരണത്തിലേക്ക് നിസംഗരായി നടന്നു പോകുന്ന നിസഹായർ...! 😔
കടപ്പാട്