ചേര്‍ത്തല ഡിവൈഎസ്പി ടി. അനില്‍കുമാറിനെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടി

കക്കൂസ് മാലിന്യം കയറ്റുന്ന വാഹനം പോലിസ് കസ്റ്റഡിയിൽ നിന്ന് വിട്ടുകിട്ടാൻ കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡിവൈഎസ്പി ടി. അനില്‍കുമാറിനെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടി. വിജിലന്‍സിനെ കണ്ട് കതകടച്ചു; പിന്നാലെ മേല്‍ക്കൂര പൊളിച്ച് രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ഒരേ ചാട്ടം! മതില്‍ ചാടി ഓടിയ ഡിവൈഎസ്പിയെ നടുറോഡില്‍ ഓടിച്ചിട്ട് പിടിച്ച് വിജിലന്‍സ്;

ആലപ്പുഴ കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡിവൈഎസ്പി ടി. അനില്‍കുമാറിനെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടി. അഴിമതിരഹിത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സില്‍ പ്രഖ്യാപിച്ച 'പ്രോജക്ട് സീറോ' പദ്ധതിയുടെ ഭാഗമായി നടത്തിയ അതീവ രഹസ്യ നീക്കത്തിനൊടുവിലാണ് ആഭ്യന്തര വകുപ്പിനെ നാണംകെടുത്തിയ ഈ അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത ശുചിമുറി മാലിന്യ നിര്‍മ്മാര്‍ജ്ജന വാഹനം നിയമനടപടികളില്ലാതെ വിട്ടുകൊടുക്കുന്നതിന് വേണ്ടിയാണ് ഡിവൈഎസ്പി അനില്‍കുമാര്‍ വാഹന ഉടമയോട് രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഈ മാലിന്യ വണ്ടികള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് വാഹനം വിട്ടുകിട്ടാനായി സമീപിച്ച ഉടമയോട് ഭീമമായ തുക കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇത്രയും തുക നല്‍കാന്‍ തയ്യാറാകാതിരുന്ന വാഹന ഉടമ വിവരം ഉടന്‍ തന്നെ ആലപ്പുഴ വിജിലന്‍സ് സംഘത്തെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ വിജിലന്‍സ് ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ചേര്‍ത്തല ഡിവൈഎസ്പിയെയും അദ്ദേഹത്തിന്റെ നീക്കങ്ങളെയും കൃത്യമായി നിരീക്ഷിച്ചുവരികയായിരുന്നു.

കൈക്കൂലി തുകയുടെ ആദ്യ ഗഡുവായ 50,000 രൂപ തന്റെ ചേര്‍ത്തല ആലുങ്കലുള്ള വീട്ടില്‍ നേരിട്ടെത്തിക്കാന്‍ അനില്‍കുമാര്‍ വാഹന ഉടമയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പണം നല്‍കാനായി വാഹന ഉടമ ഡിവൈഎസ്പിയുടെ വീട്ടിലെത്തിയപ്പോള്‍ വിജിലന്‍സ് സംഘം ഇയാളെ രഹസ്യമായി പിന്തുടര്‍ന്നു. വൈകുന്നേരത്തോടെ വീട്ടില്‍ വെച്ച് ഡിവൈഎസ്പി അനില്‍കുമാര്‍ 50,000 രൂപ കൈപ്പറ്റുന്നതിനിടെ വിജിലന്‍സ് സംഘം വീട് വളഞ്ഞ് ഇയാളെ കയ്യോടെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ വിജിലന്‍സ് സംഘം വരുന്നത് ദൂരത്തുനിന്നുതന്നെ കണ്ട ഡിവൈഎസ്പി അനില്‍കുമാര്‍ കയ്യിലുണ്ടായിരുന്ന പണവുമായി പെട്ടെന്ന് വീടിനുള്ളില്‍ കയറി കതകടച്ചു. തുടര്‍ന്ന് സിനിമകളെപ്പോലും വെല്ലുന്ന നാടകീയ രംഗങ്ങളാണ് ചേര്‍ത്തലയിലെ ഡിവൈഎസ്പിയുടെ വീട്ടുപരിസരത്ത് അരങ്ങേറിയത്. അകത്തുനിന്നും പൂട്ടിയ വീടിന്റെ രണ്ടാമത്തെ നിലയിലെ മേല്‍ക്കൂരയുടെ ഭാഗം പൊളിച്ചിറങ്ങിയ പ്രതി പുറത്തേക്ക് ചാടി ഓടാന്‍ ശ്രമിക്കുകയായിരുന്നു

രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയിറങ്ങിയ അനില്‍കുമാര്‍ പരിഭ്രാന്തനായി വീടിന്റെ മതില്‍ ചാടിക്കടന്ന് ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും, സര്‍വ്വസജ്ജരായി നിന്ന വിജിലന്‍സ് സംഘം ഇയാളെ പിന്തുടര്‍ന്ന് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. കൊല്ലം സ്വദേശിയായ അനില്‍കുമാര്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്താണ് ചേര്‍ത്തലയില്‍ ഡിവൈഎസ്പിയായി ചുമതലയേല്‍ക്കുന്നത്. ചേര്‍ത്തലയില്‍ ചുമതലയേറ്റതു മുതല്‍ ഇയാള്‍ക്കെതിരെ വ്യാപകമായി കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ മാലിന്യ വണ്ടി വിട്ടുനല്‍കാന്‍ ലക്ഷങ്ങള്‍ വാങ്ങുന്നതിനിടെ ഇയാള്‍ വിജിലന്‍സിന്റെ വലയിലാകുന്നത്.

സംസ്ഥാനവ്യാപകമായി അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാന്‍ 'പ്രോജക്ട് സീറോ'യുടെ ഭാഗമായി വിജിലന്‍സ് നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇത്രയും ഉയര്‍ന്ന റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ അഴിമതിക്കേസില്‍ അത്യന്തം നാടകീയമായി അറസ്റ്റിലാകുന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

RELATED STORIES