കെഎസ്ആര്‍ ടിസിയൂടെ ഓടുന്ന ബസില്‍ നിന്നു വിദ്യാര്‍ഥി തെറിച്ചുവീണത് അറിഞ്ഞിട്ടും നിറുത്താതെ പോയി

കൊല്ലം: വിദ്യാര്‍ഥി പുറത്തേക്കു വീണെന്നു സഹപാഠികള്‍ പറഞ്ഞിട്ടും ബസ് നിര്‍ത്താതെ പോവുകയായിരുന്നു. എഴുകോണ്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥി സുനിലാണ് (14) ബസില്‍ നിന്നും തെറിച്ചുവീണത്.  ചൊവ്വാഴ്ച വൈകിട്ട് 4.15 നു കുണ്ടറ എഴുകോണ്‍ പെട്രോള്‍ പമ്പിനു സമീപത്ത് വച്ചായിരുന്നു അപകടം. ബസില്‍ തിരികെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. തിരക്കുള്ള ബസില്‍ നിഖിലും സുഹൃത്തുക്കളും വാതില്‍പടിയില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നു. ബസ് വേഗത്തില്‍ വളവു തിരിഞ്ഞപ്പോള്‍ നിഖില്‍ വാതില്‍ തുറന്നു പുറത്തേക്കുവീഴുകയായിരുന്നു.


കുട്ടി പുറത്തേക്ക് വീണെന്നു പറഞ്ഞിട്ടും ബസ് നിര്‍ത്തിയില്ല. പിന്നീട് ആളുകൾ ബഹളം വച്ചപ്പോള്‍ അരകിലോമീറ്ററോളം മാറി ചീരങ്കാവ് ജംക്ഷനില്‍ നിര്‍ത്തി കുട്ടികളെ ഇറക്കിവിട്ടശേഷം ബസ് യാത്ര തുടരുകയാണ് ചെയ്തത്.

വീഴ്ചയില്‍ തലയ്ക്കും മുഖത്തും കാല്‍മുട്ടുകള്‍ക്കും സാരമായി പരിക്കേറ്റ സുനിലിനെ ബസിനു പിന്നാലെ വന്ന ബൈക്ക് യാത്രികനും എതിരെ വന്ന കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ചീരങ്കാവ് സ്വദേശി സുരേഷ് ബാബുവും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. വീട്ടുകാര്‍ പരാതിയുമായി കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തിയപ്പോള്‍ സംഭവത്തെപ്പറ്റി അറിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമായതോടെ വീട്ടിലേക്കു വിട്ടു.

RELATED STORIES