എംബിബിഎസ് വിദ്യാര്‍ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: പോത്തന്‍കോട് ചെങ്കോട്ടുകോണം കല്ലടിച്ചവിള മണ്ണറത്തല വീട്ടില്‍ ജസീറയുടെയും പരേതനായ നവാസിന്റെയും മകന്‍ മുഹമ്മദ് നിജാസ് (23) ആണ് മരിച്ചത്.

പോണ്ടിച്ചേരിയിലെ മെഡികല്‍ കോളജിലെ ക്ലാസില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ എട്ടു മണിക്കുള്ള ക്ലാസ് കഴിഞ്ഞ് 10 മണിക്കുള്ള അടുത്ത ക്ലാസില്‍ ഇരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍ നിജാസിനെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹൃദയ സ്തംഭനമാണ് മരണകാരണമായി രേഖപ്പെടുത്തിയിട്ടുള്ളത്.

പോണ്ടിച്ചേരി ജിപ്മര്‍  (ജിപ്‌മെര്‍ ജവാഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റിയൂട് ഓഫ് പോസ്റ്റ് ഗ്രാജുവേഷന്‍ മെഡികല്‍ എഡ്യൂകേഷന്‍ ആന്‍ഡ് റിസര്‍ച്) കോളജിലെ അവസാന വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിയായിരുന്നു. അവസാനവര്‍ഷ എം ബി ബി എസ് പരീക്ഷ അടുത്തയാഴ്ച ആരംഭിക്കാന്‍ ഇരിക്കെയാണ് മരണം കവര്‍ന്നത്.

20
വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ പിതാവ് മരിച്ചതിന് ശേഷം മാതാവിന്റെ സംരക്ഷണത്തിലായിരുന്നു നിജാസ്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന നിജാസ് എസ് എസ് എല്‍ സിക്കും പ്ലസ് ടു വിനും ഉന്നത വിജയമാണ് കരസ്ഥമാക്കിയിരുന്നത്. പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കി പുലര്‍ചെ നാട്ടില്‍ എത്തിച്ച മൃതദേഹം ചെമ്പഴന്തി മുസ്ലിം ജമാഅത്തില്‍ ഖബറടക്കി.

RELATED STORIES