അമേരിക്കയില്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ വംശജരായ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ നാലംഗ കുടുംബത്തെ തിങ്കളാഴ്ചയാണ് തട്ടിക്കൊണ്ടു പോയത്. ഇവരെ കടത്തിയ സ്ഥലത്തിനടുത്ത് നിന്നുമാണ് മൃതദേഹങ്ങള്‍ ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.


അമന്‍ദീപ് സിംഗ്, ജസ്ദീപ് സിംഗ്, ഇയാളുടെ ഭാര്യ ജസ്ലീന്‍ കൗര്‍, മകള്‍ അരൂഹി ധേരി എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമി സംഘത്തിലുള്ള ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ ഹര്‍സി പിന്ദ് സ്വദേശികളായവരാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച വൈകിട്ടോടെ ഇവരുടെ വാഹനം തീപിടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ നാലംഗത്തെ അക്രമികള്‍ തട്ടിക്കൊണ്ടുപോയതായി കണ്ടെത്തി. ജീസസ് മാനുവൽ സൽഗാഡോ (48) ആണ് അറസ്റ്റിലായത്. പോലീസിനെ കണ്ട ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഗുരുതരാവസ്ഥയിലാണെന്നും മെർസെഡ് കൗണ്ടി ഷരീഫ് പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ ഒരാളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ അക്രമി പണം പിന്‍വലിച്ചതായും കണ്ടെത്തി. മെഴ്സ്ഡ് കൗണ്ടിയിലെ അറ്റ്വാട്ടറിലെ എടിഎമ്മിലാണ് കാര്‍ഡുപയോഗിച്ചത്. ഇതേത്തുടർന്ന് എടിഎമ്മിലെ ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാൽ ആ ചിത്രത്തിലുള്ള വ്യക്തിയല്ല കസ്റ്റഡിയിൽ ഉള്ളതെന്ന് ഷരീഫ് ഓഫീസ് അറിയിച്ചു.

RELATED STORIES