വടക്കാഞ്ചേരി അപകടം : അപകടത്തിനിടയാക്കിയത് കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടത് കൊണ്ടാണെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍

ഇടിച്ചപ്പോള്‍ തന്നെ ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും ജോമോന്‍ പറഞ്ഞു. ആളിറങ്ങാന്‍ ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് ബ്രേക്കിട്ടുവെന്നാണ് ജോമോന്റെ അവകാശവാദം. ബസ് കടന്നുപോകാന്‍ ഇടം ഉണ്ടായിരുന്നില്ലെന്നും താന്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നും ഉറങ്ങിപ്പോയിട്ടില്ലെന്നും ജോമോന്‍ പറഞ്ഞു.


എന്നാല്‍ ആ സ്ഥലത്ത് ആരും ഇറങ്ങാന്‍ ഇല്ലായിരുന്നുവെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ പറഞ്ഞു. തനിക്ക് ഇറങ്ങേണ്ട സ്ഥലം എത്താറായതോടെ മുന്നോട്ടേക്ക് പോകുകയായിരുന്നു. താന്‍ നില്‍ക്കുകയായിരുന്നുവെന്നും ഉറങ്ങിയിട്ടില്ലാത്തതിനാല്‍ ഓര്‍മയുണ്ടെന്നും യാത്രക്കാരന്‍ വ്യക്തമാക്കി.

അതേസമയം, ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പിഴവ് തന്നെയാണ് അപകടകാരണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒരു കാറിനെ ഇടത് വശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചുവെന്നും ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

പാലക്കാട് വടക്കാഞ്ചേരിയില്‍ ഉണ്ടായ ബസ് അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ അടക്കം ഒന്‍പത് പേരാണ് മരിച്ചത്. പാലക്കാട് അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറയില്‍ ബുധന്‍ രാത്രി 11.30 ന് ആയിരുന്നു അപകടം നടന്നത്.

RELATED STORIES