യുവതിയുടെ പരാതിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ യുവാവ്‌ അറസ്റ്റിൽ

ചെങ്ങന്നൂര്‍ മുണ്ടങ്കാവ്‌ ഒഴറേത്ത്‌ വീട്ടില്‍ ശ്രീജിത്ത്‌ (42) ആണ്‌ ആറന്മുള പോലീസിന്റെ പിടിയിലായത്‌. ഫെബ്രുവരി 18 നും ജൂലൈ ഏഴിനുമാണ്‌ യുവതിയെ പീഡിപ്പിച്ചത്‌.

യുവതിയുടെ ആറന്മുളയിലുള്ള വീട്ടിലും ഗുരുവായൂരിലെ ലോഡ്‌ജ്‌ മുറിയിലും വച്ച്‌ പീഡിപ്പിച്ചതായാണ്‌ കേസ്‌. 20 ന്‌ വൈകിട്ട്‌ യുവതി നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത ആറന്മുള പോലീസ്‌ തിരുവല്ലയില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ വിവാഹമോചനക്കേസ്‌ സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ്‌ കിട്ടിയാലുടന്‍ കല്യാണം കഴിച്ചു കൊള്ളാമെന്ന്‌ പറഞ്ഞു വിശ്വസിപ്പിച്ച്‌ മാര്‍ച്ച്‌ ഏഴു മുതല്‍ ജൂലൈ അഞ്ചു വരെയുള്ള കാലം യുവതിയുടെ വീട്ടില്‍ ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിച്ച്‌ ലൈംഗിക പീഡനത്തിന്‌ വിധേയയാക്കിയതായും യുവതി വെളിപ്പെടുത്തി. തുടര്‍ന്ന്‌ ഉപേക്ഷിക്കുകയായിരുന്നു.
വിവാഹം കഴിക്കാനെന്ന വ്യാജേനെയാണ്‌ ഗുരുവായൂരില്‍ കൊണ്ടുപോയതും ലോഡ്‌ജിലെത്തിച്ച്‌ പീഡിപ്പിച്ചതും. പ്രതിയെ തിരുവല്ലയില്‍ ഭാര്യയ്‌ക്കൊപ്പം താമസിക്കുന്ന വാടക വീട്ടില്‍ നിന്നും 20 ന്‌ വൈകിട്ട്‌ കസ്‌റ്റഡിയിലെടുത്തു. മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക്‌ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. ഇയാളെ കാണാനില്ലെന്ന്‌ കാട്ടി യുവതി കഴിഞ്ഞ രണ്ടിന്‌ പരാതി നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ പോലീസ്‌ അന്ന്‌ കേസെടുത്തിരുന്നു. പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ സി.കെ. മനോജിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം.

RELATED STORIES