എന്താണാവോ ഉദ്ദേശം : ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ ആവേശത്തിനു പകരം വിമുഖത കാണിക്കുകയാണ് കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാട് സ്വീകരിച്ചാണ് നേതാക്കളിൽ പലരും രംഗത്തുവന്നിരിക്കുന്നത്. കെ മുരളീധരന് പിന്നാലെ ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശും ഹൈക്കമാന്‍ഡിനെ നിലപാട് അറിയിക്കുമെന്നാണ് സൂചന.മത്സരിക്കില്ലെന്ന കെ മുരളീധരന്റെ നിലപാടിന് പിന്നാലെയാണ് ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശും നിലപാട് അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കെ മുരളീധരന് മാത്രമായി പ്രത്യേകതയൊന്നും തന്നെയില്ല. തങ്ങള്‍ക്കും ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്നാണ് വിശദീകരണം.

അതേ സമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടനയില്‍ രമേശ് ചെന്നിത്തലയുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.തന്റെ പ്രവര്‍ത്തന മേഖല കേരളത്തില്‍ നിന്ന് മാറ്റാന്‍ തയാറല്ലെന്ന നിലപാട് രമേശ് ചെന്നിത്തല സ്വീകരിച്ചതിനാലാണ് രമേശ് ചെന്നിത്തലയെ സ്ഥിരം പ്രതിനിധിയാക്കത്തത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. ഇതേ ആക്ഷേപം മറ്റ് പ്രമുഖ നേതാക്കളുടെ മനംമാറ്റത്തിന് പിറകിലും പറയുന്നുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടാണ് പലരും ദേശീയ രാഷ്ട്രീയത്തോട് വിമുഖത കാട്ടുന്നതെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഡൽ‌ഹിയിലെത്തിയാൽ പിന്നീട് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സാധ്യത മങ്ങുന്നു എന്നതാണ് നേതാക്കളെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം.

RELATED STORIES