നിക്ഷേപത്തട്ടിപ്പ് ; മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരെ കേസെടുത്തു

അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസില്‍ മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശിവകുമാര്‍ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയാണ് കരമന പൊലീസ് കേസെടുത്തത്. 


വെള്ളായണി, കിള്ളിപ്പാലം, വലിയതുറ എന്നിവിടങ്ങളിലാണ് സൊസൈറ്റിക്ക് ശാഖകളുണ്ടായിരുന്നത്. നിലവില്‍ വെള്ളായണി ശാഖ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. തട്ടിപ്പിനെ തുടര്‍ന്ന് ശിവകുമാറിന്റെ വീടിനു മുന്നില്‍ നിക്ഷേപകര്‍ നേരത്തെ സമരം നടത്തിയിരുന്നു. സൊസൈറ്റി പ്രസിഡന്റ് എം രാജേന്ദ്രൻ പണം മുഴുവൻ പിൻവലിച്ചെന്നും വി എസ് ശിവകുമാറിന്റെ ഉത്തരവാദിത്തത്തിലാണ് പണം നിക്ഷേപിച്ചതെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു.


മുന്നൂറിലധികം പേരുടെതായി 13 കോടിയോളം രൂപയാണ് കിട്ടാനുള്ളതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ഒന്നര വര്‍ഷമായി പലരും സൊസൈറ്റിയുടെ ഓഫീസ് കയറിയിറങ്ങുകയാണ്. ശാന്തിവിള സ്വദേശി മധുസൂദനന്റെ പത്തു ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയത്. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. രാജേന്ദ്രൻ വിഎസ് ശിവകുമാറിന്റെ ബിനാമിയാണെന്നാണ് പരാതിക്കാരടക്കം ആരോപിക്കുന്നത്. സൊസൈറ്റി സെക്രട്ടറിയാണ് രണ്ടാം പ്രതി.

RELATED STORIES