ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ

കഴിഞ്ഞ നാല് മത്സരങ്ങള്‍ ആധികാരികമായി ജയിച്ച ഇന്ത്യയും ന്യൂസിലന്‍ഡും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ടീമുകളിലൊന്നിന്റെ ജയത്തുടര്‍ച്ചയില്‍ വിള്ളലുണ്ടാകുമെന്നതാണ് പ്രത്യേകത. ഹിമാചല്‍ പ്രദേശിലെ ധരംശാലയിലുള്ള എച്ച് പി സി എ സ്റ്റേഡിയത്തിലാണ് ക്ലാസിക് പോരാട്ടം. ഉച്ചക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുക.

ഇതുവരെയുള്ള മത്സരങ്ങള്‍ എടുത്താല്‍ തകര്‍പ്പന്‍ ഫോമിലാണ് ഇരു ടീമുകളും. ബാറ്റിങിലും ബോളിങിലുമെല്ലാം ഒന്നിനൊന്ന് മെച്ചം. ഇന്ന് ന്യൂസിലന്‍ഡിനെതിരെ വിജയം നേടാനായാല്‍ ഇന്ത്യക്ക് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ രണ്ട് മാറ്റങ്ങള്‍ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. പരുക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു പകരം സൂര്യകുമാര്‍ യാദവും പേസര്‍ ഷാര്‍ദുല്‍ താക്കൂറിന് പകരം മുഹമ്മദ് ഷമിയും കളിച്ചേക്കും.

ധരംശാലയിലേത് പേസര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള പിച്ചായതിനാല്‍ ന്യൂസിലന്‍ഡ് പേസ് ബൗളര്‍ ടിം സൗത്തിയെ കളത്തിലിറക്കുമെന്ന് സൂചനയുണ്ട്. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്സിലും ഡിസ്നി+ഹോട്സ്റ്റാറിലും തത്സമയം സംപ്രേഷണം ചെയ്യും.

RELATED STORIES