പൊലീസ് ക്വാര്‍ട്ടേഴ്സുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി : പോലീസും തിരിച്ച് പണികൊടുത്തു

ഇൻസ്‌പെക്ടർ ഉൾപ്പടെയുള്ളവർ താമസിച്ചിരുന്ന പൊലീസ് ക്വാര്‍ട്ടേഴ്സുകളുടെ ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. ഇതിനു പിന്നാലെ വൈദ്യുതി ലൈനുകളിലെ തകരാർ പരിഹരിക്കാൻ ഗോവണി ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായി പോയ കെഎസ്ഇബിയുടെ കരാർ വാഹനം, ഗതാഗതനിയമ ലംഘനം ചൂണ്ടിക്കാണിച്ചു പൊലീസ് പിടിച്ചെടുത്തു. ലൈൻമാൻമാരെ ഉൾപ്പെടെ പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം തടഞ്ഞുവച്ചു എന്നും പരാതിയുണ്ട്.

ശനിയാഴ്ചയാണ് സംഭവം. വാഴക്കുളത്ത് പൊലീസ് ക്വാർട്ടേഴ്സുകളുടെ വൈദ്യുതി ബിൽ അടയ്‌ക്കാത്തത് മൂലം കുടിശികയായി. കെഎസ്ഇബി ജീവനക്കാർ പല തവണ ബില്‍ അടയ്‌ക്കാൻ നിർദേശിച്ചിരുന്നു. എന്നിട്ടും ബിൽ അടയ്‌ക്കാത്തതിരുന്നതിനാലാണ് കെഎസ്ഇബി ജീവനക്കാർ ഫ്യൂസ് ഊരിയത്.

പിന്നാലെയാണ് വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കാനായി ജീവനക്കാർ സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തത്. വാഹനത്തിന് മുകളിൽ ഗോവണിയും ആയുധങ്ങൾ ഉണ്ടായിരുന്നു എന്ന കാരണത്താലാണ് പൊലീസ് വണ്ടി പിടിച്ചെടുത്തത്. വാഹനത്തിൽ ഉണ്ടായിരുന്ന ലൈൻമാൻമാരെ രാത്രി 11വരെ സ്റ്റേഷനിൽ പിടിച്ചു നിർത്തി. കെഎസ്ഇബി അധികൃതർ ഇടപെട്ടതിനെ തുടർന്ന് ഗതാഗതനിയമ ലംഘനത്തിന് 250 രൂപ പിഴ അടപ്പിച്ച ശേഷമാണ് വാഹനം മോചിപ്പിച്ചത്.

RELATED STORIES