കുസാറ്റ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു

ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പരിക്കേറ്റ 34 പേര്‍ നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്.

കുസാറ്റ് അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി രാവിലെ പത്തരയ്‌ക്ക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ ഓഡിറ്റോറിയത്തില്‍ സര്‍വകലാശാല അനുശോചന യോഗം നടത്തും. ഇതിന്റെ ഭാഗമായി ഇന്ന് കുസാറ്റ് സര്‍വകലാശാലക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പരീക്ഷകളും മാറ്റിവച്ചതായും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് കുസാറ്റ് അധികൃതര്‍ അറിയിച്ചു.

ദുരന്തം അന്വേഷിക്കുന്ന മൂന്നംഗ സിന്‍ഡിക്കേറ്റ് ഉപസമിതി രാവിലെ യോഗം ചേരും. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് മുഴുവന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും യോഗവും വിളിച്ചിട്ടുണ്ട്. അതേസമയം, ദുരന്തത്തില്‍ മരിച്ച താമരശ്ശേരി സ്വദേശി സാറാ തോമസിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് പള്ളിയിലാണ് സംസ്‌കാരം. മുഖ്യമന്ത്രി, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണ ജോര്‍ജ് തുടങ്ങിയവര്‍ ഇന്നലെ സാറയ്‌ക്ക് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. പറവൂര്‍ സ്വദേശി ആന്‍ റിഫ്തയുടെ സംസ്‌കാരം നാളെയാണ്. വിദേശത്തുള്ള അമ്മ നാളെ പുലര്‍ച്ചെ നാട്ടിലെത്തും.

RELATED STORIES