കേരളത്തിന് കേന്ദ്രം നല്‍കേണ്ട ജി.എസ്.ടി വിഹിതത്തില്‍ നിന്ന് ഒരു കാരണവുമില്ലാതെ 332 കോടി രൂപ വെട്ടിക്കുറച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

നവംബര്‍ അവസാനം ലഭിക്കേണ്ട തുകയാണിത്. ഇത് സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നതാണെന്നും ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ മാസം 1,452 കോടി പ്രതീക്ഷിച്ചിടത്താണ് 332 കോടി രൂപയുടെ കുറവ് വരുത്തിയിരിക്കുന്നത്. 29ന് ഇതുസംബന്ധിച്ച കത്ത് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചു. ഒരു കാരണവും ബോധിപ്പിക്കാതെയാണ് ഈ കുറവ് വരുത്തിയിട്ടുള്ളത്. ഇത് എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്നതാണ്. തുക വെട്ടിക്കുറക്കരുതെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ വില്‍ക്കുന്ന പുറത്ത് നിര്‍മിച്ച സാധനങ്ങള്‍ക്ക് അവിടെ ശേഖരിക്കുന്ന ജിഎസ്ടിയില്‍നിന്നു കേരളത്തിനു ലഭിക്കേണ്ട വിഹിതമാണ് കുറച്ചത്. കിട്ടാനുള്ള പല ഫണ്ടും കിട്ടാതിരിക്കുമ്പോഴാണ് ഈ വെട്ടിക്കുറവുകൂടി വരുന്നത്. എന്തടിസ്ഥാനത്തില്‍ കണക്കാക്കിയാണ് തുക കുറച്ചതെന്ന് അറിയില്ല. ഇവിടെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച 6,000 കോടി ഉള്‍പ്പെടെ കേന്ദ്രത്തില്‍നിന്ന് ആകെ 57,000 കോടി രൂപ കിട്ടാനുണ്ട്. തുല്യപരിഗണനയല്ല കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്”– കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

RELATED STORIES