ശബരിമല തീര്‍ഥാടകരുടെ വാഹനം ഇടിച്ചു പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ മരിച്ചു

തിരുവനന്തപുരം പേരൂര്‍ക്കട വഴയിലയിലുണ്ടായ അപകടത്തില്‍ ബേക്കറി ഉടമ ഹരിദാസ്, സുഹൃത്ത് വിജയന്‍ എന്നിവരാണു മരിച്ചത്. പരിക്കേറ്റവരെ കണ്ടെത്താന്‍ വൈകിയതിനാല്‍ ചികിത്സ ലഭ്യമാക്കാന്‍ വൈകിയതു മരണത്തിനു കാരണമായി.

ആന്ധ്രപ്രദേശില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ വാഹനമാണ് ഇവരെ ഇടിച്ചത്. പ്രഭാതസവാരിക്ക് ഇറങ്ങിയ ഹരിദാസും വിജയനും ഇടിയുടെ ആഘാതത്തില്‍ റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീണു. പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തില്‍ ഇടിച്ചുനിന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലാക്കി. എന്നാല്‍ ഹരിദാസനും വിജയനും പരിക്കേറ്റ് കിടക്കുന്ന കാര്യം ആരും അറിഞ്ഞിരുന്നില്ല.

പിന്നീട് ഏറെ വൈകി വെളിച്ചം വീണ ശേഷമാണ് കുഴിയില്‍ രണ്ട് പേര്‍ കിടക്കുന്നതു നാട്ടുകാര്‍ ശ്രദ്ധിച്ചത്. ഇവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്തം വാര്‍ന്നുപോയിരുന്നു. രണ്ട് പേരും ആശുപത്രിയിലെത്തും മുമ്പു മരിച്ചു.

RELATED STORIES