കോൺഗ്രസ് രണ്ടാം ഭാരത് ജോഡോ യാത്രയ്‌ക്ക് തയാറെടുക്കുന്നു

അടുത്ത മാസം യാത്രക്കുള്ള തയാറെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇക്കാര്യമുൾപ്പെടെ ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം 21നു ചേരും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തും.

യാത്രയുടെ ഭാഗമായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളുമായി രാഹുലിന്റെ കൂടിക്കാഴ്‌ച്ച തുടങ്ങി.

തൊഴിലില്ലായ്മയും വിലക്കയറ്റവും ഉയർത്തി കാട്ടിയാകും യാത്ര. തൊഴിലില്ലായ്മ പ്രധാന വിഷയമായി കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ ദിവസം പാർലമെന്റ് ആക്രമണത്തിലെ രാഹുലിന്റെ പ്രതികരണവും.

ഇന്ത്യ മുന്നണിയിലെ പാർട്ടികളെ കൂടി സഹകരിപ്പിച്ചുള്ള യാത്രയ്‌ക്കാണ് കോൺഗ്രസ് തയാറെടുക്കുന്നത്. അരുണാചൽ പ്രദേശ് , മിസോറാം, അസമിന്റെ കിഴക്കൻ പ്രദേശം എന്നിങ്ങനെ മൂന്നിടങ്ങളാണ് യാത്ര തുടങ്ങുന്നതിനായി ആലോചിക്കുന്നത്.

കാൽനടയായും വാഹനത്തിൽ സഞ്ചരിച്ചും മുന്നോട്ട് പോകുന്ന യാത്ര ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ മാർഗം കൂടിയാകും.

RELATED STORIES