രാജ്യത്ത് 21 പേർക്ക് കൊവിഡ് ഉപവകഭേദമായ JN.1 സ്ഥിരീകരിച്ചു
Reporter: News Desk 20-Dec-20231,334
ഗോവയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.കേരളം കൂടാതെ മഹാരാഷ്ട്രയിലും JN .1 റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ഗർഭിണികളും പ്രായമായവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
ഒമിക്രോൺ BA.2.86 അഥവാ പൈറോളയുടെ ഉപവകഭേദമായ JN.1 ആണ് നിലവിൽ രാജ്യത്ത് പടർന്ന് പിടിക്കുന്നത് . 2023 സെപ്റ്റംബറിൽ യുഎസിലാണ് ആദ്യമായി JN.1 റിപ്പോർട്ട് ചെയ്തത്. യുഎസ്, യുകെ, ഐസ്ലാൻഡ്, സ്പെയിൻ, പോർച്ചുഗൽ, നെതർലൻഡ്സ്, ഇന്ത്യ ഉൾപ്പെടെ ഇതിനോടകം 38 രാജ്യങ്ങളിൽ JN.1 സ്ഥിരീകരിച്ചിട്ടുണ്ട്.
JN.1 വകഭേദത്തിന് വ്യാപന ശേഷി കൂടുതലും, രോഗപ്രതിരോധ ശേഷിയെ തകിടം മറിക്കാനുള്ള പ്രാപ്തി അധികവുമാണെന്ന് നാഷ്ണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊവിഡ് ടാസ്ക് ഫോഴ്സ് കോ-ചെയർമാൻ പറയുന്നു. അതുകൊണ്ട് തന്നെ ഒരിക്കൽ കൊവിഡ് വന്നവർക്കും, വാക്സിനെടുത്തവർക്കും ഇവ ബാധിക്കാം.കേരളത്തിൽ തിരുവനന്തപുരത്താണ് JN.1 വകഭേദം സ്ഥിരീകരിച്ചത്. പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 79 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
പനി, മൂക്കൊലിപ്പ്, തൊണ്ടയിൽ കരകരപ്പ്, തലവേദന എന്നിവയാണ് JN.1 വകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ഉദര പ്രശ്നങ്ങളും കാണപ്പെടുന്നുണ്ട്. മറ്റു ചിലർക്ക് ശ്വാസ തടസം, രുചിയും മണവും നഷ്ടപ്പെടുക പോലുള്ള ലക്ഷണങ്ങളും കണ്ടുവരുന്നു.
സാധാരണ ജലദോഷ പനിയുടേതിന് സമാനമാണ് JN.1ന്റെ ലക്ഷണങ്ങളും. ചിലരിൽ കൂടിയ തീവ്രതയിലും ചിലരിൽ കുറഞ്ഞ തീവ്രതയിലും കാണപ്പെടുന്നുവെന്ന് ഡൽഹി ഗംഗാറാം ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഇൻ ചെസ്റ്റ് മെഡിസിൻ ഡോ. ഉജ്വൽ പ്രകാശ് പറയുന്നു. ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ മാസ്ക് ധരിക്കണമെന്ന് ഡോ. ഉജ്വൽ പ്രകാശ് പറയുന്നു. രോഗലക്ഷണങ്ങൾ മാറുന്നില്ലെങ്കിൽ സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആൾക്കൂട്ടങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒപ്പം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചോ, ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയായി സൂക്ഷിക്കണം. സാമൂഹിക അകലം പാലിക്കുന്നതും രോഗവ്യാപനം തടയാൻ സഹായിക്കും.