'വെള്ളം അലർജി, കുളിക്കാനാവുന്നില്ല'; അപൂർവ രോഗാവസ്ഥയുമായി 22കാരി

വെള്ളം അലർജിയാണെന്നും വെള്ളം ശരീരത്തിൽ തൊടുമ്പോൾ കടുത്ത ചൊറിച്ചില്‍ ഉണ്ടാക്കുന്നതിനാല്‍ കുളിക്കാൻ കഴിയുന്നില്ലെന്നും വ്യക്തമാക്കി അമേരിക്കയിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള 22കാരി രംഗത്ത്. ന്യൂയോർക്ക് പോസ്റ്റ് ആണ് യുവതിയുടെ രോഗത്തിന്റെ വിശദാംശങ്ങള്‍ റിപ്പോർട്ട് ചെയ്തത്.

ലോറൻ മോണ്ടെഫസ്‌കോ എന്ന യുവതിയാണ് തന്റെ ശാരീരികാവസ്ഥകള്‍ വെളിപ്പെടുത്തി രംഗത്ത് എത്തിയത്. അക്വാജെനിക് ഉർട്ടികാരിയ എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. വെള്ളം ശരീരവുമായി സമ്പർക്കം പുലർത്തുന്നതോടെ ശരീരത്തില്‍ ചുണങ്ങു പോലെ കാണപ്പെടുന്നു. മെഡിക്കല്‍ ചരിത്രത്തില്‍ വളരെ അപൂർവമായ സംഭവമായാണ് ഇത് കണക്കാക്കുന്നത്. ചൊറിച്ചില്‍ ഒരു മണിക്കൂർ വരെ നീണ്ടുനില്‍ക്കുമെന്നാണ് യുവതി പറയുന്നത്.

12 വയസ്സുള്ളപ്പോള്‍ ആണ് രോഗം ആദ്യം ശ്രദ്ധയില്‍ പെട്ടത്. അലർജിക്ക് അറിയപ്പെടുന്ന ചികിത്സയില്ലാത്തതിനാല്‍, കഴിയുന്നത്ര കുറച്ച്‌ മാത്രം കുളിച്ച്‌ അസ്വസ്ഥത കുറയ്ക്കാൻ മോണ്ടെഫ്യൂസ്കോ ശ്രമിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ തന്റെ പ്രശ്‌നം പങ്കിട്ടതോടെ ഇതേ അവസ്ഥയിലുള്ള മറ്റുള്ളവരുടെ കമ്മ്യൂണിറ്റിയെ കണ്ടെത്താനും യുവതിക്ക് കഴിഞ്ഞു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

RELATED STORIES