സംസ്ഥാനത്ത് വിവിധ ജില്ലകളിൽ താപനില വീണ്ടും ഉയരാൻ സാധ്യത

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 13 വരെ ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും.

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യൽ വരെ അനുഭവപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. കൊല്ലത്ത് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും അനുഭവപ്പെട്ടേക്കാം. ആലപ്പുഴ, എറണാകുളം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


സംസ്ഥാനത്ത് ഏപ്രിൽ13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. 10ന് ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ നേരിയ മഴ ലഭിച്ചേക്കാം. 11ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നേിയ മഴയ്ക്ക് സാധ്യതയുണ്ട്. 12നും 13നും മുഴുവൻ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.


RELATED STORIES