ലഹരിയെന്ന ഒരു നിശ്ശബ്ദ കൊലയാളി"
Author: JOBIN GILGALReporter: News Desk 17-Jul-2026
174
ഇന്നത്തെ ലോകം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും വളരുമ്പോൾ മനുഷ്യന്റെ ജീവിതനിലവാരം ഉയരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും മറ്റൊരു വശത്ത് സമൂഹത്തെ നിശബ്ദമായി നശിപ്പിക്കുന്ന ഒരു വലിയ ശത്രു വളർന്നുകൊണ്ടിരിക്കുന്നു അതാണ് ലഹരി. ഒരുകാലത്ത് മുതിർന്നവരിൽ മാത്രം കണ്ടിരുന്ന മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ഇന്ന് സ്കൂൾ വിദ്യാർത്ഥികളിലേക്കും കൗമാരക്കാരിലേക്കും പടർന്നിരിക്കുകയാണ്. സുഹൃത്തുക്കളുടെ സമ്മർദ്ദം, സോഷ്യൽ മീഡിയയുടെ സ്വാധീനം, മാനസിക സമ്മർദ്ദം, കുടുംബബന്ധങ്ങളിലെ അകലം, ഒരുതവണ പരീക്ഷിച്ചാൽ എന്താണ്..? എന്ന ചിന്ത ഇതെല്ലാം പലരെയും ലഹരിയുടെ അടിമകളാക്കുന്നു. ലഹരി ഒരിക്കലും ഒരു പ്രശ്നത്തിനുള്ള പരിഹാരമല്ല. അത് പുതിയ പ്രശ്നങ്ങളുടെ തുടക്കമാണ്. ആദ്യം അത് ഒരു ശീലമാകുന്നു. പിന്നീട് അത് ഒരു ആവശ്യമായി മാറുന്നു. അവസാനം അത് മനുഷ്യന്റെ ആരോഗ്യവും കുടുംബവും ജോലിയും പഠനവും വിശ്വാസവും ഭാവിയും തകർക്കുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അടിമത്തത്തിനല്ല സ്വാതന്ത്ര്യത്തിനാണ്. അതുകൊണ്ടാണ് ബൈബിളിൽ പറയുന്നത്.
വീഞ്ഞ് കുടിച്ചു മത്തരാകരുത് അതിനാൽ ദുർന്നടപ്പ് ഉണ്ടാകുമല്ലോ.
എഫെസ്യർ 5:18
ഈ വചനം മദ്യത്തെക്കുറിച്ച് മാത്രമല്ല മനുഷ്യനെ നിയന്ത്രിക്കുന്ന എല്ലാ ലഹരികളെയും കുറിച്ചുള്ള മുന്നറിയിപ്പാണ്. ദൈവം ആഗ്രഹിക്കുന്നത് നമ്മുടെ മനസ്സും ശരീരവും പരിശുദ്ധാത്മാവിന്റെ ആലയമായിരിക്കണമെന്നാണ്.
1 കൊരിന്ത്യർ 6:19-20 ഇങ്ങനെ പറയുന്നു.
ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ.?
ആകയാൽ നിങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവിൻ.
ദൈവത്തിന്റെ ആലയത്തെ നശിപ്പിക്കുന്നതെന്തും നമുക്ക് ഒഴിവാക്കണം. കാരണം നമ്മുടെ ജീവിതം നമ്മുടേത് മാത്രമല്ല അത് ദൈവത്തിന്റേതും കൂടിയാണ്.
ഇന്ന് പല യുവാക്കളും പറയുന്നത് കേൾക്കാം ടെൻഷൻ കുറയ്ക്കാനാണ്, ഫ്രണ്ട്സിനൊപ്പം മാത്രമാണ്, ഇഷ്ടമുള്ളപ്പോൾ നിർത്താം. എന്നാൽ യാഥാർഥ്യം മറ്റൊന്നാണ് ലഹരി ആരുടെയും നിയന്ത്രണത്തിൽ നിൽക്കില്ല ഒടുവിൽ അത് മനുഷ്യനെ തന്നെ നിയന്ത്രിക്കും. എന്നാൽ പ്രത്യാശയുണ്ട്. ലഹരിയുടെ ചങ്ങലകൾ പൊട്ടിക്കാൻ കഴിയുന്ന ശക്തി യേശുക്രിസ്തുവിനുണ്ട്. തകർന്ന ജീവിതങ്ങളെ പുതുക്കുകയും അടിമത്തത്തിൽ കഴിയുന്നവരെ സ്വതന്ത്രരാക്കുകയും ചെയ്യാൻ അവിടുന്ന് ഇന്നും കഴിവുള്ളവനാണ്. ലഹരിയിൽ അകപ്പെട്ടിരിക്കുന്ന ആരെങ്കിലും ഈ ലേഖനം വായിക്കുന്നുണ്ടെങ്കിൽ നിരാശപ്പെടരുത്. ദൈവം നിങ്ങളെ വെറുക്കുന്നില്ല. അവിടുന്ന് നിങ്ങളെ സ്നേഹിക്കുന്നു. ഒരു ആത്മാർത്ഥമായ പ്രാർത്ഥനയും ആത്മാർത്ഥമായ മാനസാന്തരവും ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാകാം. സഹായം തേടുക, പ്രാർത്ഥിക്കുക, നല്ല കൂട്ടുകെട്ട് തിരഞ്ഞെടുക്കുക, ദൈവവചനത്തോട് ചേർന്നുനിൽക്കുക. നമ്മുടെ യുവതലമുറ രാജ്യത്തിന്റെ മാത്രമല്ല, സഭയുടെയും ഭാവിയാണ്. അവരെ ലഹരിയിലേക്ക് തള്ളിവിടാതെ ക്രിസ്തുവിലേക്കാണ് നയിക്കേണ്ടത്. മാതാപിതാക്കൾ, അധ്യാപകർ, സഭകൾ, യുവജന സംഘടനകൾ എല്ലാവരും ചേർന്ന് സ്നേഹത്തോടെയും കരുതലോടെയും ഈ തലമുറയെ സംരക്ഷിക്കണം. ലഹരിക്ക് ചില നിമിഷങ്ങളുടെ സുഖം നൽകാം പക്ഷേ അതിന് വർഷങ്ങളുടെ ദുഃഖവും സമ്മാനിക്കാൻ കഴിയും എന്നാൽ യേശുക്രിസ്തു ചില നിമിഷങ്ങളുടെ സന്തോഷമല്ല തരുന്നത് നിത്യജീവന്റെ പ്രത്യാശയാണ് നൽകുന്നത്. അതുകൊണ്ട് നമുക്ക് ലഹരിയെ അല്ല ജീവിതത്തെ തിരഞ്ഞെടുക്കാം. മരണത്തിന്റെ വഴിയെ അല്ല ക്രിസ്തുവിന്റെ വഴിയെ തിരഞ്ഞെടുക്കാം.



















