കട്ടപ്പനയിൽ യുവതിയുടെ ചിത്രം മോര്‍ഫ്‌ ചെയ്‌ത്‌ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി

കേസില്‍ രണ്ടാം പ്രതിയായ കട്ടപ്പന നരിയംപാറ സ്വദേശി കണ്ണമ്പള്ളില്‍ ജിയോ ജോര്‍ജ്‌(23) ആണ്‌ പിടിയിലായത്‌.

ഇടിഞ്ഞമലയില്‍ ഗ്യാലക്‌സി ഗ്യാസ്‌ ഏജന്‍സി നടത്തുന്ന കട്ടപ്പന കറുകച്ചേരില്‍ ജെറിന്‍, ജെബിന്‍ എന്നിവരാണ്‌ ഒന്നും മൂന്നും പ്രതികള്‍.
150 പേരെ ചേര്‍ത്ത്‌ വാട്‌സ്‌ആപ്‌ ഗ്രൂപ്പുണ്ടാക്കി യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ്‌ ചെയ്‌ത്‌ പ്രചരിപ്പിക്കുകയായിരുന്നു. സമൂഹ മാധ്യമത്തില്‍ക്കൂടി അപമാനിക്കപ്പെട്ട യുവതി നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ പോലീസ്‌ കേസെടുത്തത്‌. യുവതിയോട്‌ ഉണ്ടായിരുന്ന മുന്‍വൈരാഗ്യം മൂലം ഇടിഞ്ഞമലയിലെയും, ശാന്തിഗ്രാം, ഇരട്ടയാര്‍ എന്നിവിടങ്ങളിലെയും ആളുകളെ ചേര്‍ത്ത്‌ ഒരു വാട്‌സ്‌ആപ്‌ ഗ്രൂപ്പ്‌ രൂപീകരിച്ച്‌ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ്‌ ചെയ്‌ത്‌ അശ്ലീല സന്ദേശത്തോടെ വാട്‌സ്‌ആപ്‌ ഗ്രൂപ്പില്‍ പ്രചരിപ്പിച്ച ശേഷം ഗ്രൂപ്പ്‌ തന്നെ ഡിലീറ്റ്‌ ചെയ്‌തു.

സംഭവത്തെത്തുടര്‍ന്ന്‌ യുവതി ഏപ്രില്‍ 14-ന്‌ തങ്കമണി പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന്‌ സൈബര്‍ സെല്ലുമായി പോലീസ്‌ ബന്ധപ്പെട്ടശേഷം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഗൂഢാലോചന നടത്തി ഒന്നാം പ്രതിക്ക്‌ വേണ്ടി മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയും മോര്‍ഫ്‌ ചെയ്‌ത അശ്ലീലചിത്രം വാട്‌സ്‌ആപ്‌ ഗ്രൂപ്പില്‍ വോയിസ്‌ മെസേജിനൊപ്പം ഇടുന്നതിന്‌ സഹായിച്ചത്‌ ജിയോ ജോര്‍ജ്‌ ആയിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കും.

RELATED STORIES