അമിത അളവില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍ മുന്‍വശത്ത് തന്നെ മുന്നറിയിപ്പ് ലേബല്‍ നല്‍കണം
Reporter: News Desk 30-Aug-2026618
ഡൽഹി: സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
ഇത്തരം ഉല്‍പ്പന്നങ്ങളുടെ പാക്കറ്റിന്റെ മുന്‍വശത്ത് ചുവന്ന ഹെക്‌സഗണല്‍ രൂപത്തിലുള്ള മുന്നറിയിപ്പ് നല്‍കണമെന്നാണ് നിര്‍ദേശം. പാക്കറ്റിന്റെ പിന്നിലെ പോഷകവിവര പട്ടികയില്‍ ഉപയോഗിക്കുന്ന ഫോണ്ടിനേക്കാള്‍ ഒരു പോയിന്റ് വലുപ്പം കൂടുതലായിരിക്കണം മുന്‍വശത്തെ മുന്നറിയിപ്പിലെ അക്ഷരങ്ങള്‍.
നേരത്തെ പാക്കറ്റുകളില്‍ പോഷക ഘടകങ്ങളുടെ വിവരങ്ങള്‍ താരതമ്യേന ചെറിയ അക്ഷരങ്ങളിലായിരുന്നു നല്‍കിയിരുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നത്തിലെ ഘടകങ്ങളെക്കുറിച്ച് വ്യക്തമായി മനസിലാക്കുന്നതിന് തടസമായിരുന്നു. പുതിയ നിര്‍ദേശത്തിലൂടെ പോഷക വിവരങ്ങള്‍ ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്ന തരത്തിലാക്കുകയാണ് ലക്ഷ്യം.
മുന്നറിയിപ്പ് ലേബല്‍ രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയില്‍ ഏതെങ്കിലും രണ്ട് ഘടകങ്ങള്‍ ഉയര്‍ന്ന അളവിലുള്ള ഉല്‍പ്പന്നങ്ങളിലാണ് ലേബല്‍ പതിക്കുക. രണ്ടാം ഘട്ടത്തില്‍ ഈ ഘടകങ്ങളില്‍ ഏതെങ്കിലും ഒന്ന് അമിതമായി അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും മുന്നറിയിപ്പ് നിര്‍ബന്ധമാകും. നെയ്യ്, എണ്ണ, ഉപ്പ്, പഞ്ചസാര, ശര്‍ക്കര, തേന്‍ തുടങ്ങിയ ഒറ്റ ചേരുവ മാത്രമുള്ള ഉല്‍പ്പന്നങ്ങളെ നിര്‍ദേശത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേരളം ആസ്ഥാനമായുള്ള ത്രീഎസ് ആന്‍ഡ് ഔര്‍ ഹെല്‍ത്ത് സൊസൈറ്റിയാണ് ഭക്ഷ്യപാക്കറ്റുകളില്‍ ഇത്തരം മുന്നറിയിപ്പ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ എഫ്എസ്എസ്എഐ ഡയറക്ടര്‍ കവിതാ രാമസ്വാമി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയത്.
നിലവില്‍ നിര്‍ദേശിച്ചിരിക്കുന്ന ഫോണ്ട് വലുപ്പം ചെറുതാണെന്നും ഇംഗ്ലീഷിന് പുറമെ ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും മുന്നറിയിപ്പ് നല്‍കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നുണ്ട്.



















