തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് പോലീസ് റിപ്പോർട്ട്

രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോർട്ട് എഡിജിപിക്ക് സമർപ്പിച്ചത്. മതിയായ സുരക്ഷാ നടപടികൾ സംഗീത പരിപാടിക്കായി സ്വീകരിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ആളുകൾ എത്തുമെന്ന് അറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ല. പരിപാടിയുടെ നടത്തിപ്പിലും വീഴ്ച പറ്റി. ആളുകളിൽ നിന്ന് കൂടുതൽ വിവര ശേഖരണം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അപകടത്തെക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പരിപാടി പോലീസിനെ അറിയിച്ചില്ല എന്നത് ​ഗുരുതരമായ കാര്യമാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞിരുന്നു. ഗാനനിശക്കിടെ ഉണ്ടായ അപകടത്തില്‍ സംഘാടകർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നൽകുന്ന സംഗീതനിശ തുടങ്ങുന്നതിന് മുമ്പുതന്നെ വിദ്യാർത്ഥികളെ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണാൻ എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോൾ എല്ലാവരും അകത്തേക്ക് കയറുവാൻ ശ്രമിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയത്. മഴ പെയ്തതോടെ അകത്തേക്കുണ്ടായ തള്ളിക്കയറ്റത്തിൽ പടിയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ വീണതിനു മീതെ മറ്റുള്ളവരും വീഴുകയായിരുന്നു.

RELATED STORIES