ഇറാനിലെ സാഹചര്യം വഷളാകുന്ന സാഹചര്യത്തിൽ നിരവധി ഇന്ത്യക്കാർ മടങ്ങിയെത്തി
Reporter: News Desk 17-Jan-20261,942
ദല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ ഇന്ത്യക്കാർ, ഇറാനിലെ സാഹചര്യം മോശമാണെന്ന് പ്രതികരിച്ചു. സുരക്ഷ അടക്കം പരിഗണിച്ച് ഇന്ത്യൻ പൗരന്മാരോട് ഇറാൻ വിടാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു.
ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചിരുന്നു. ഇറാനിലെ സഹാചര്യം വളരെ മോശമാണെന്ന് തിരിച്ചെത്തിയ ഒരാൾ പറഞ്ഞു. കേന്ദ്രസർക്കാർ വളരെയധികം സഹകരിക്കുന്നുണ്ട്, ഇറാനിൽനിന്ന് എത്രയും പെട്ടെന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ച് എംബസി തങ്ങൾക്ക് വിവരങ്ങൾ നൽകി. മോദിജി ഉണ്ടെങ്കിൽ എല്ലാം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ പ്രക്ഷോഭങ്ങൾ അപകടകരമാണെന്ന് മടങ്ങിയെത്തിയ ജമ്മു കശ്മീർ സ്വദേശി സൂചിപ്പിച്ചു. കേന്ദ്രസർക്കാർ വളരെ മികച്ച ശ്രമം നടത്തിയാണ് വിദ്യാർഥികളെ തിരികെ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. മടങ്ങിയെത്തിവരെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇറാനിൽ തീർഥാടനത്തിന് പോയ ഒരു ബന്ധുവിനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ ഒരു കുടുംബം സന്തോഷം പങ്കുവെച്ചു. “എന്റെ ഭാര്യയുടെ അമ്മായി തീർഥാടനത്തിന് ഇറാനിൽ പോയിരുന്നു. ഇറാൻ എപ്പോഴും ഇന്ത്യയുടെ നല്ല സുഹൃത്താണ്, മോദി സർക്കാരിൽ വളരെ ആത്മവിശ്വാസമുണ്ടായിരുന്നു. അവർ നിരന്തരം പിന്തുണ നൽകി. ഇത് സാധ്യമാക്കിയതിന് ഇന്ത്യൻ സർക്കാരിന് നന്ദി പറയുന്നു. ഞങ്ങളുടെ കുടുംബാംഗം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിൽ ഞങ്ങൾ വളരെ സന്തോഷത്തിലാണ്”- ഒരു ബന്ധു പറഞ്ഞു.
ഡിസംബർ 28ന് ടെഹ്‌റാനിലെ ഗ്രാൻഡ് ബസാറിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യത്തെ 31 പ്രവിശ്യകളിലേക്കും വ്യാപിക്കുകയായിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കെതിരായ പ്രതിഷേധം പിന്നീട് ഭരണകൂടത്തിനെതിരായ പ്രതിഷേധമായി മാറുകയായിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം നീക്കമാരംഭിച്ചതോടെ ആയിരങ്ങൾ കൊല്ലപ്പെട്ടു. നോർവേ കേന്ദ്രീകരിച്ചുള്ള സ്വതന്ത്ര സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സിന്റെ റിപ്പോർട്ട് പ്രകാരം കുറഞ്ഞത് 3,400 ഓളം പേർ കൊല്ലപ്പെട്ടു.



















