യുവതിയെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചു: മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ..

മാവേലിക്കര: മരിച്ച നിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. മുള്ളിക്കുളങ്ങര അശ്വതിയിൽ രാജേഷിന്റെ ഭാര്യ രാജലക്ഷ്മിയെ (43) ആണ് കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ മകൾ ആദിത്യ വിളിച്ചപ്പോൾ രാജലക്ഷ്മി പ്രതികരിച്ചിരുന്നില്ല. തുടർന്ന് കായംകുളത്തുള്ള സഹോദരി ഐശ്വര്യയെയും മറ്റ് ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. ചലനമറ്റ നിലയിൽ കണ്ടെത്തിയ രാജലക്ഷ്മിയെ ബന്ധുക്കൾ ഉടൻതന്നെ സമീപത്തെ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. രാജേഷിൽ നിന്ന് രാജലക്ഷ്മിക്ക് ക്രൂരമായ ശാരീരിക ഉപദ്രവം നേരിടേണ്ടി വന്നിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഞായറാഴ്ച രാത്രിയിലും മർദിച്ച ശേഷം ഓട്ടോറിക്ഷയുമായി പുറത്തുപോയി.

വീണ്ടും  രാജേഷ് മൊബൈൽ ഫോൺ എടുക്കാനായി തിരികെ വീട്ടിലെത്തി വീണ്ടും പോകുകയായിരുന്നു. അതിനുശേഷം ഇയാൾ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. 'നമുക്കിനി ജീവിക്കേണ്ട' എന്ന് മരണത്തിന് മുൻപ് രാജലക്ഷ്മി ഇളയ മകൾ ആദിത്യയോട് പറഞ്ഞിരുന്നതായും വിവരമുണ്ട്.

​മൃതദേഹത്തിൽ മർദനമേറ്റ പാടുകളുണ്ടെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു. ഓട്ടോറിക്ഷ ഡ്രൈവറാണ് ഭർത്താവ്. 

RELATED STORIES