നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ. തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്നലെ വൈകിട്ടാണ് പൾസർ സുനിയെ എത്തിച്ചത്. ഇയാളുടെ ജാമ്യഹർജി സുപ്രീം കോടതിയും തള്ളിയ പശ്ചാത്തലത്തിലാണ് സുനിയുടെ മാനസികാരോഗ്യസ്ഥിതി മോശമായതെന്നാണ് ലഭ്യമാകുന്ന വിവരം.


എന്താണ് അസുഖം എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൾസർ സുനി നിരവധി നടിമാരെ ലൈംഗികമായി ആക്രമിച്ച് ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ കാര്യം തനിക്ക് അറിയാമെന്ന് മുൻ ജയിൽ വകുപ്പ് മേധാവി ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ആർ ശ്രീലേഖയുടെ ദിലീപ് അനുകൂല പരാമർശം വലിയ വിവാദമായിരുന്നു.

ആർ ശ്രീലേഖക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടിയിരുന്നു. ശ്രീലേഖയുടെ വിവാദ യൂട്യൂബ് വിഡിയോ പൊലീസ് പരിശോധിച്ചു. കോടതിയലക്ഷ്യ പരാമർശങ്ങൾ വിഡിയോയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.പൾസർ സുനിയുമായി ബന്ധപ്പെട്ട പരാമർശം ഗൗരവതരമെന്ന് പൊലീസ് വിലയിരുത്തി. സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ പൾസർ സുനി ലൈംഗീക പീഡനം നടത്തി ബ്‌ളാക്ക് മെയിൽ ചെയ്ത് പണം തട്ടിയത് അറിയാമെന്ന പരാമർശം ഗൗരവമുള്ളതാണ്. ഉന്നത പദവിയിലിരുന്ന ഒരാൾക്ക് നേരിട്ട് ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും നിയമ നടപടികൾ സ്വീകരിക്കാതിരുന്നത് ഗുരുതര പിഴവാണെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.ഗുരുതരമായ പരാമർശം നടത്തിയ ശ്രീലേഖയുടെ പെൻഷൻ തടയാൻ സർക്കാർ തയാറാകണം എന്നാവശ്യപ്പെട്ട് പ്രൊഫസർ കുസുമം ജോസഫ് പരാതി നൽകിയിരുന്നു.

ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നിൽ ദിലീപിനെ രക്ഷിക്കാനുള്ള ഗൂഢാലോചന സംശയിക്കുന്നുവെന്നും കുസുമം ജോസഫ് ആരോപിക്കുന്നു.

RELATED STORIES