വൈദ്യുതി ബിൽ കണ്ട് ഷോക്കേറ്റ ഗൃഹനാഥന്‍ ആശുപത്രിയില്‍

3,419 കോടി രൂപയാണ് പ്രിയങ്ക ഗുപ്തയുടെ ഇത്തവണത്തെ കറന്റ്ബില്‍. ഈ ബില്‍ കണ്ട് ഷോക്കേറ്റ് വീണത് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ അച്ഛനാണ്.


മധ്യപ്രദേശിലെ ഗ്വാളിയറില്‍ ശിവ് വിഹാര്‍ കോളനിയിലാണ് ഈ ഞെട്ടിക്കുന്ന കറന്റ് ബില്‍ സര്‍ക്കാരിന്റെ വൈദ്യുത വകുപ്പ് ഉപഭോക്താവിന് നല്‍കിയത്. ഈ കറന്റ് ബില്‍ കണ്ടതോടെ പ്രിയങ്കയുടെ ഭര്‍തൃപിതാവ് കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ മാസത്തെ ബില്ലാണ് പ്രിയങ്കയ്ക്കു കിട്ടിയത്. ഭീമമായ തുകയുടെ ബില്ല് കണ്ടതോടെ അച്ഛനു വയ്യാതെയായി. അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. പ്രിയങ്കയുടെ ഭര്‍ത്താവ് സഞ്ജീവ് കങ്കണ പറഞ്ഞു. തെറ്റു തിരുത്തിയെന്നും ഉത്തരവാദപ്പെട്ട ജീവനക്കാരന് എതിരെ നടപടിയെടുക്കുമെന്നും ഊര്‍ജമന്ത്രി പ്രദ്യുമന്‍ സിങ് തോമര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

സംഭവം വലിയ വാര്‍ത്തയായതോടെ തിരുത്തല്‍ നടപടിയുമായി മധ്യപ്രദേശ് മധ്യക്ഷേത്ര വിദ്യുത് വിത്രാന്‍ കമ്പനി രംഗത്തെത്തി. ബില്ലിലെ തുക മാറിയത് മാനുഷിക പിഴവാണെന്നും 1300 രൂപയുടെ ശരിയായ ബില്‍ കുംടുംബത്തിന് നല്‍കിയെന്നും ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എംപിഎംകെവിസി ജനറല്‍ മാനേജര്‍ നിതിന്‍ മാന്‍ഗ്ലിക് അറിയിച്ചു.

RELATED STORIES