തിരുവനന്തപുരം നിസാമുദ്ദീന്‍ എക്സ്പ്രസില്‍ പാമ്പിനെ കണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായി

ബുധനാഴ്ച രാത്രി ട്രെയിൻ തിരൂരെത്തിയപ്പോഴാണ് എസ് 5 സ്ലീപ്പര്‍ കോച്ചിലെ ബാഗുകൾക്കിടയിൽ പാമ്പിനെ കണ്ടത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശികളായ അമ്മയും മകളുമാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ക്ക് കാണിച്ചുകൊടുത്തു. ഇതോടെ പരിഭ്രാന്തരായ യാത്രക്കാർ ബഹളം വച്ചു. യാത്രക്കാരിലൊരാള്‍ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും കൊല്ലരുതെന്ന് പറഞ്ഞ് ചിലര്‍ ബഹളംവച്ചതോടെ പിടിവിട്ടു. പാമ്പ് കംപാര്‍ട്ട്‌മെന്റിലൂടെ ഇഴഞ്ഞുനീങ്ങി. ഉടന്‍ ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ റെയില്‍വേ കണ്‍ട്രോള്‍ ബോര്‍ഡില്‍ വിവരമറിയിച്ചു. എന്നാല്‍ കോഴിക്കോട്ടെത്തിയിട്ട് പരിശോധിക്കാമെന്ന മറുപടിയാണ് ലഭിച്ചത്.


പത്ത് മണിയോടെയാണ് ട്രെയിന്‍ കോഴിക്കോടെത്തിയത്. തുടര്‍ന്ന് അധികൃതര്‍ യാത്രക്കാരെ പുറത്തിറക്കി മുക്കാല്‍ മണിക്കൂറോളം പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. കമ്പാർട്ടുമെൻ്റിലെ ഒരു ദ്വാരത്തിൽ പാമ്പ് കയറിയെന്നായിരുന്നു നിഗമനം. ദ്വാരം അടച്ച ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.

RELATED STORIES