ആഗോളതലത്തിൽ കുരങ്ങുപനി കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ പുരുഷന്മാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗിക ബന്ധം നിയന്ത്രിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. നിലവിൽ ഏറ്റവും കൂടുതൽ വൈറസ് ബാധിച്ചത് ഗേ, ബൈസെക്ഷ്വല്‍ പുരുഷന്മാരിലാണ്. അതിനാലാണ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരോട് പങ്കാളികളുടെ എണ്ണം കുറയ്ക്കാൻ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, ഇക്കൂട്ടരില്‍ മാത്രമേ രോഗം വരുകയുള്ളൂ എന്ന് പറയാനാകില്ലെന്നും സംഘടനാ മേധാവി അറിയിച്ചു. ബന്ധങ്ങൾ ഉള്ളവർ സുരക്ഷിതത്വം പാലിക്കണമെന്നും പങ്കാളികളുടെ എണ്ണം കുറയ്ക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറയുന്നു.


പടിഞ്ഞാറൻ, മധ്യ ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറത്ത് കുരങ്ങുപനി അണുബാധയുടെ വർദ്ധനവ് മെയ് ആദ്യം മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 78 രാജ്യങ്ങളിൽ നിന്ന് 18,000-ലധികം കുരങ്ങുപനി കേസുകൾ ഇപ്പോൾ ലോകാരോഗ്യ സംഘടനയ്ക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, 70 ശതമാനം കേസുകളും യൂറോപ്പിലും 25 ശതമാനം അമേരിക്കയിലും ആണുള്ളതെന്നും ടെഡ്രോസ് ബുധനാഴ്ച പറഞ്ഞു. മെയ് മുതൽ കേസുകൾ വർദ്ധിച്ച് വരികയാണ്. ഇതുവരെ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, മങ്കിപോക്സ് വാക്സീന്‍ വികസിപ്പിക്കാന്‍ മരുന്ന് കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. രാജ്യത്ത് മങ്കിപോക്സ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിരുന്നു.

RELATED STORIES