വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഗോശാലയിലെ ഗോക്കള്‍ക്ക് നരകയാതനയെന്ന് പരാതി

വെച്ചൂര്‍ പശു ഉള്‍പ്പടെ എട്ടോളം നാല്‍ക്കാലികളുള്ള വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഗോശാലയിലെ ഗോക്കള്‍ക്ക് നരകയാതനയെന്ന് പരാതി. ക്ഷേത്ര കലവറയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഗോശാലയില്‍ ഗോക്കളെ നോക്കാന്‍ താത്കാലിക ജീവനക്കാരനുണ്ടെങ്കിലും വേണ്ട രീതിയില്‍ പരിപാലിക്കുന്നില്ല. പലപ്പോഴും പ്രാതലിനായി കൊണ്ടുവരുന്ന പച്ചക്കറികളുടെ അവശിഷ്ടമാണ് ആശ്രയം.


ഗോക്കളെ കുളിപ്പിക്കുന്ന കാര്യത്തിലും താല്‍പര്യം കാണിക്കാറില്ല. ചില ഗോക്കളുടെ ശരീര ഭാഗങ്ങളില്‍ വലിയ രീതിയില്‍ വ്രണമുണ്ടായിട്ടുണ്ടെങ്കിലും വേണ്ട രീതിയില്‍ ചികിത്സ നല്‍കുന്നില്ലെന്ന് പരാതിയുണ്ട്. ഗോശാലയില്‍ നിന്നും ഗോക്കളെ പുറത്തേക്ക് അഴിച്ചു കെട്ടുന്ന പതിവുമില്ല. പരിമിതമായ സൗകര്യങ്ങളുള്ള ഗോശാലയ്ക്ക് പോരായ്മകളുമുണ്ട്. മഴ വന്നാല്‍ ചോര്‍ന്നൊലിക്കുന്ന ഇവിടെ ഉണ്ടാകുന്ന മാലിന്യങ്ങള്‍ ഒഴുകി പോകാതെ കെട്ടി കിടക്കുന്നത് പകര്‍ച്ച വ്യാധി ഉണ്ടാകുന്നതിനും ഇടയാക്കും.

ഗോശാല പലപ്പോഴും വൃത്തിയാക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഗോശാലയും സമീപ പ്രദേശവും മാലിന്യക്കൂമ്പാരമാണ്. ഇവിടെയുള്ള ഇന്‍സിലേറ്റര്‍ തുരുമ്പെടുത്ത് ദ്രവിച്ച് ഉപയോഗിയ്ക്കാന്‍ വയ്യാത്ത രീതിയിലാണ്. മാസങ്ങള്‍ക്ക് മുന്‍പ് തീറ്റയുടെ കുറവും യഥാസമയം ചികിത്സ ലഭിക്കാതിരുന്നതും മൂലം ക്ഷേത്രത്തിലുണ്ടായിരുന്ന രണ്ടു മൂന്നു കാളകള്‍ക്കും ഒരു മുട്ടനാടിനും ജീവഹാനി ഉണ്ടായി. ക്ഷേത്രവളപ്പിലും മാലിന്യക്കൂമ്പാരമുണ്ട്. ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്. ഊട്ടുപുരക്ക് സമീപം കൊച്ചി രാജാക്കന്‍മാര്‍ നിര്‍മിച്ച കിണര്‍ കാടുകയറിയ നിലയിലാണ്. തളക്കല്ലില്‍ മണല്‍ കയറിയതിനാല്‍ ശയന പ്രദക്ഷിണം നടത്താനും കഴിയാത്ത അവസ്ഥയാണ്. പ്രാതല്‍ സദ്യയുടെ പകര്‍ച്ച നല്‍കുന്നതിലും അഴിമതിയുണ്ടെന്ന് ഭക്തര്‍ ആരോപിക്കുന്നു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാനാണ് ഭക്തജനങ്ങളുടെ തീരുമാനം. അതേസമയം ഗോക്കളെ പരിചരിക്കുന്നതിന് ആളുണ്ടെന്നും ആവശ്യത്തിന് തീറ്റയും വെള്ളവും ചികിത്സയും നല്‍കാറുണ്ടെന്നും ക്ഷേത്രത്തിലെ മാലിന്യ നീക്കം ചെയ്യാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ പി.അനില്‍ കുമാര്‍ പറഞ്ഞു.

RELATED STORIES