വയനാട്ടിലേക്ക് സ്ഥലംമാറ്റിയ SI രണ്ട് ദിവസംകൊണ്ട് തിരിച്ചെത്തി

യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത് മുഴുവൻ പണം നൽകാതെ മുങ്ങിയ പോലീസ് അസോസിയേഷൻ ഭാരവാഹികൂടിയായ ട്രാഫിക് എസ്.ഐക്കെതിരെ ശിക്ഷാനടപടി എടുത്തിരുന്നു. വയനാട്ടിലേക്ക് സ്ഥലംമാറ്റിയ എസ്.ഐ രണ്ടുദിവസം അവിടെ തങ്ങിയശേഷം മൂന്നാംനാൾ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിൽ തിരിച്ചെത്തുകയായിരുന്നു.


എസ്.ഐക്കെതിരായ നടപടി ഒഴിവായത് ഒരു ഘടകകക്ഷി മന്ത്രിയുടെ രാഷ്ട്രീയ സ്വാധീനത്താലാണെന്നാണ് ആരോപണം. എസ്.ഐ യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും 3000 രൂപയുടെ മുറിക്ക് 2000 രൂപനൽകി ടൗൺ എസ്.ഐയാണെന്ന് പറഞ്ഞ് ഹോട്ടലിൽനിന്ന് മുങ്ങുകയുമായിരുന്നു. സംഭവത്തിൽ പരാതി ഉയർന്നതോടെ അസിസ്റ്റന്റ് കമ്മിഷണർ അന്വേഷണം നടത്തി എസ്.ഐ കുറ്റക്കാരനാണെന്ന് കണ്ടെത്തി.

തുടർന്നാണ് വയനാട്ടിലേക്ക് മാറ്റിയത്. എന്നാൽ, ഘടകകക്ഷി മന്ത്രി കഴിഞ്ഞ ദിവസം കോഴിക്കോട് ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതേ എസ്.ഐ.ക്കെതിരേ മുൻപും പലവിധ ആരോപണങ്ങളും നടപടികളും ഉണ്ടായിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗത്തിൽ തുടരുന്നതിനിടയിൽ ഭരണവിഭാഗം എസ്.ഐ.യെ മദ്യപിച്ച് ചീത്തപറഞ്ഞതിനാണ് രണ്ടുവർഷംമുമ്പ് ആദ്യനടപടിയുണ്ടായത്.

ബേപ്പൂർ സ്റ്റേഷനിൽ ജോലിചെയ്യുന്നതിനിടയിൽ സ്റ്റേഷൻ വിവരങ്ങൾ ചോർത്തിയതിനും ടൗൺ സ്റ്റേഷനിലുള്ളപ്പോൾ വെള്ളയിൽ സ്വദേശിയായ ഗുണ്ടയുടെ വാഹനം സ്റ്റേഷനിൽനിന്ന് ഇറക്കിക്കൊണ്ടുപോയതിനും എസ്.ഐ. കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കാര്യമായ നടപടികൾ ഒന്നിലും ഉണ്ടായില്ല.

RELATED STORIES