സർക്കാറിന് തിരിച്ചടി വൈദ്യുതിനിരക്ക് കൂട്ടാനുള്ള നീക്കം സ്റ്റേ ചെയ്തു ഹൈക്കോടതി രംഗത്ത്

യൂണിറ്റിന് 25 മുതൽ 80 പൈസവരെ വർദ്ധിപ്പിച്ച് കെ.എസ്.ഇ.ബി ഈയാഴ്ച ഉത്തരവിറക്കാനിരിക്കെയാണ് താത്കാലിക സ്റ്റേ ഉണ്ടായത് എന്നതാണ് ജനങ്ങൾക്ക് ആശ്വാസമായത്. വ്യവസായ ഉപഭോക്താക്കളുടെ സംഘടനായ ഹൈടെൻഷൻ,എക്ട്രാ ഹൈടെൻഷൻ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂലായ് 10ന് കേസ് ജസ്റ്റിസ് സി.എസ്. ഡയസ് വീണ്ടും പരിഗണിക്കും വരെ നിരക്ക് കൂട്ടാൻ പാടില്ല എന്നാണ് കോടതിയുടെ ഉത്തരവ്.


എന്നാൽ നിരക്ക് കൂട്ടാനുള്ള ബോർഡ് അപേക്ഷയിൽ റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് മേയ് 16ന് പൂർത്തിയായിരുന്നു. നിലവിലെ താരിഫ് കാലാവധി ജൂൺ 30ന് അവസാനിക്കും. ജൂലായ് ഒന്നു മുതൽ വർദ്ധന വരാനിരിക്കെയാണ് കോടതി ഇടപെടൽ. അതേസമയം സർക്കാർ അനുമതിയില്ലാതെ 2021 ൽ ശമ്പളം കൂട്ടിയതോടെയാണ് കെ.എസ്.ഇ.ബി വൻ കടത്തിലായതെന്ന് സി.എ.ജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വർഷാവ‌ർഷം നിരക്ക് കൂട്ടി ജനത്തെപ്പിഴിഞ്ഞാണ് നഷ്ടം നികത്തുന്നത്. മറ്റ് ജീവനക്കാർക്ക് ലഭിക്കുന്നതിനെക്കാൾ വൻ ശമ്പളം നൽകുന്നതിന് ന്യായീകരണമില്ലെന്നും സർക്കാർ ഇടപെടണമെന്നും സി.എ.ജി നിർദ്ദേശിച്ചിരുന്നു.

ദിവസം 78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ജനങ്ങൾക്ക് നൽകുന്നത്. ഇതിൽ 15 ദശലക്ഷം യൂണിറ്റാണ് ഉൽപാദനം. ബാക്കി കുറഞ്ഞ നിരക്കിൽ കേന്ദ്രഗ്രിഡിൽ നിന്നും ലാഭകരമായ നിരക്കിൽ ദീർഘകാല കരാറിലൂടെയും ലഭിക്കുന്നു. ഇതിലും കൂടുതൽ വാങ്ങേണ്ടിവന്നാൽ ചെലവ് തൊട്ടടുത്തമാസം സർചാർജ്ജായി ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വൈദ്യുതി വിതരണം വഴി നഷ്ടമില്ല. ശമ്പള വർദ്ധനയ്ക്കൊപ്പം പെൻഷൻ ഫണ്ട് കൈകാര്യം ചെയ്തതിലെ പിടിപ്പുകേടും നഷ്ടം വരുത്തിവച്ചു എന്നാണ് നിരീക്ഷണം.

RELATED STORIES