ട്രക്കുകളിലെ ഡ്രൈവർ കാബിൻ എ സി യാക്കുന്നത് നിർബന്ധമാക്കി കേന്ദ്രസർക്കാർ

2025മുതലാണ് നിലവിൽ വരുക. കമ്പനികൾക്ക് തയ്യാറെടുപ്പിന് 18 മാസം സമയം നൽകി. ഇതുസംബന്ധിച്ച ഫയലിൽ കേന്ദ്ര ഉപരിതലഗതാഗാത മന്ത്രി നിതിൻ ഗഡ്കരി ഒപ്പുവെച്ചു. മണിക്കൂറുകൾ കടുത്ത ചൂടിൽ വാഹനം ഓടിക്കേണ്ടി വരുന്നത് ഡ്രൈവർ തളർന്ന് വീഴുന്നതിനും അപകടങ്ങളിലേയ്ക്ക് നയിക്കുന്നതിനും കാരണമാകുന്നത് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 2016 മുതൽ മന്ത്രാലയത്തിന്റെ പരിഗണനയിൽ ഉണ്ടായിരുന്നുവെങ്കിലും പൊടുന്നനെ തീരുമാനമെടുക്കുകയായിരുന്നു. നിർബന്ധമാക്കുന്നതിന് പകരം ഓപ്ഷണൽ ആക്കണമെന്നായിരുന്നു വാഹന നിർമാതാക്കളുടെ ആവശ്യം. എസിയാക്കുന്നത് ഡ്രൈവർമാർ ഉറങ്ങാൻ കാരണമാകുമെന്ന് ഇവർ വാദിച്ചെങ്കിലും തള്ളി.


ഒരു ട്രക്ക് എസിയിലേയ്ക്ക് മാറ്റാൻ പതിനായിരം മുതൽ ഇതുപതിനായിരം രൂപവരെയാണ് ചെലവ്. വിദേശ വാഹന നിർമാതാക്കളായ വോൾവോ, സ്കാനിയ തുടങ്ങിയവയുടേത് എസി ക്യാബിൻ ആണെങ്കിലും ഇന്ത്യൻ നിർമാതാക്കൾ നിലവിൽ ഈ ഓപ്ഷൻ നൽകുന്നില്ല. ഫലത്തിൽ 2025മുതൽ ഇന്ത്യൻ നിർമാതാക്കളും എ സി ക്യാബിൻ നൽകേണ്ടിവരും. വാഹനങ്ങളുടെ വിലയും ഇതിനൊപ്പം ഉയരും. മന്ത്രിയായ ആദ്യ ദിവസം മുതൽ തന്നെ ട്രക്ക് ക്യാബിനുകൾ എസിയാക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ഗഡ്കരി പറഞ്ഞു. തീരുമാനത്തിന് പിന്നാലെ ഹെവി വാഹനങ്ങൾക്കുള്ള എസി സർവീസ് നൽകുന്ന ആംബർ എന്റർപ്രൈസസ് കമ്പനിയുടെ ഓഹരിമൂല്യം 13 ശതമാനം വർധിച്ചു.

അതേസമയം യുഎസ് സന്ദർശനത്തിനിടെ ട്രക്കിൽ സഞ്ചരിച്ച രാഹുൽ ഗാന്ധി ഇന്ത്യൻ ഡ്രൈവർമാരുടെ തൊഴിൽസാഹചര്യം സംബന്ധിച്ച് സംസാരിച്ചത് വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു. വാഷിങ്ടൺ മുതൽ ന്യുയോർക്ക് വരെ ട്രക്കിൽ സഞ്ചരിച്ച രാഹുൽ, ഇന്ത്യൻ ട്രക്കുകൾ ഡ്രൈവർക്ക് ഇണങ്ങുന്നതും തൊഴിൽസാഹചര്യം മെച്ചപ്പെടുത്തുന്ന തരത്തിലുമല്ല നിർമിച്ചിരിക്കുന്നതെന്ന് പറഞ്ഞിരുന്നു. പിന്നാലെ ഏഴുവർഷം പഴക്കമുള്ള ഫയലിൽ അതിവേഗം കേന്ദ്രം തീരുമാമെടുത്തതും ശ്രദ്ധേയമായി. രാഷ്ട്രീയമായി വിഷയം ഉപയോഗിക്കാൻ അനുവാദിക്കാതിരിക്കലാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്.

RELATED STORIES