കേരളത്തില്‍ കിസാന്‍ സേവ കേന്ദ്ര ഡീലര്‍ഷിപ് പദ്ധതിയില്‍ അനുവദിച്ച പെട്രോള്‍ പമ്പ് ലൈസന്‍സ് ലഭിക്കാന്‍ ലക്ഷദ്വീപ് നിവാസികളെ ബിനാമികളാക്കുന്നതായി കണ്ടെത്തല്‍

വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി.) അന്വേഷണം തുടങ്ങി.
ജനറല്‍, ഒ.ബി.സി., പട്ടിക വിഭാഗം എന്നീ കാറ്റഗറികളില്‍ പട്ടികവര്‍ഗത്തിനുള്ള (എസ്.ടി.) പമ്പുകളാണു ഇത്തരത്തില്‍ ബിനാമി ലൈസന്‍സില്‍ കൈക്കലാക്കുന്നത്.

കേരളത്തിലുള്ളവര്‍ പട്ടികവര്‍ഗത്തിലുള്ള ലക്ഷദ്വീപുകാരുമായി ബന്ധുത്വമുണ്ടാക്കിയതിന്റെ രേഖകള്‍ ഹാജരാക്കിയാണു കേരളത്തില്‍ അവരുടെ പേരില്‍ ലൈസന്‍സിന് അപേക്ഷിക്കുന്നത്. ഹാജരാക്കുന്ന രേഖകള്‍ വേണ്ടവിധം പരിശോധിക്കാതെയാണു ഉദ്യോഗസ്ഥര്‍ ലൈസന്‍സ് അനുവദിക്കുന്നതെന്ന പരാതി പരിശോധിക്കും.

പമ്പ് സ്ഥാപിക്കാന്‍ ഒരു കോടി രൂപ ചെലവു വരും. ഭൂമി സ്വന്തമായോ 20 വര്‍ഷത്തെ പാട്ടത്തിനോ എടുക്കണം. മേല്‍ക്കൂരയും മോട്ടറുകളും ടാങ്കുകളും മറ്റും സ്ഥാപിക്കാനാണു ഒരു കോടി ചെലവു വരുന്നത്. പട്ടികവിഭാഗങ്ങള്‍ക്കുള്ള പമ്പ് സ്ഥാപിക്കാനുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ചെലവ് പൊതുമേഖലാ ഇന്ധന കമ്പനികള്‍ വഹിക്കും എന്നതിനാലാണ് എസ്.ടി. പമ്പുകള്‍ ബിനാമികളുടെ പേരില്‍ തുടങ്ങുന്നത്. ഇത്തരത്തില്‍ നാലും അഞ്ചും പമ്പുള്ളവര്‍ സംസ്ഥാനത്തുണ്ടെന്നാണു വിവരം. കിസാന്‍ സേവ കേന്ദ്ര ഡീലര്‍ഷിപ് പദ്ധതിയില്‍ സംസ്ഥാനത്തിന് അനുവദിച്ച 500 പെട്രോള്‍ പമ്പുകളില്‍ 60 എണ്ണം എസ്.ടി. പമ്പുകളാണ്. ഇവയില്‍ അധികവും ലക്ഷ്വദീപുകാരാണു അപേക്ഷകരെന്ന വിവരം ലഭിച്ചതോടെയാണു വിഷയം കേന്ദ്ര ഐ.ബിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതുവഴി ഒരു പ്രത്യേക വിഭാഗത്തിനു മാത്രം പമ്പുകളുടെ ലൈസന്‍സി ലഭിക്കുന്ന സ്ഥിതിയുണ്ടെന്നതും പരിശോധിക്കുന്നുണ്ട്.
പൊതു മരാമത്ത് വകുപ്പ് സംസ്ഥാന പാതകളില്‍ ലൈസന്‍സിനു മൂന്നു ലക്ഷം രൂപയും പ്രധാന ജില്ലാ റോഡുകളില്‍ രണ്ടുലക്ഷം രൂപയുമാണ് ഒറ്റത്തവണ ഫീസ്. ഇതുമാത്രം എസ്.ടി. പമ്പുടമ നല്‍കിയാല്‍ മതി.

ലൈസന്‍സെടുക്കാന്‍ ഇല്ലാത്ത ബന്ധുത്വമുണ്ടാക്കിയാണു ലക്ഷദ്വീപുകാരുടെ പേരില്‍ ലൈസന്‍സ് തരപ്പെടുത്തുന്നതെന്നാണു സംശയം. പട്ടികജാതി വിഭാഗത്തില്‍ കേരളത്തില്‍ തന്നെ നിരവധി അപേക്ഷകരുണ്ടെങ്കിലും ആദിവാസികള്‍ ഉള്‍പ്പെടുന്ന പട്ടിക വര്‍ഗ വിഭാഗത്തില്‍ അപേക്ഷകര്‍ വളരെ കുറവാണ്. ഇതിന്റെ മറവിലാണു ലക്ഷദ്വീപുകാരെ മുന്‍നിര്‍ത്തിയുള്ള തട്ടിപ്പ്. കേരളത്തില്‍ അങ്ങോളമിങ്ങോളം ഇത്തരത്തില്‍ ലക്ഷദ്വീപ് അപേക്ഷകരുണ്ടെന്നാണു വിവരം. ഇതിനു പിന്നില്‍ ഉദ്യോഗസ്ഥ- മാഫിയ കൂട്ടുകെട്ടും വമ്പന്‍ അഴിമതിയും ഇതിനു പിന്നിലുണ്ടെന്നാണു ഐ.ബി. സംശയിക്കുന്നത്.

ലക്ഷദ്വീപിലെ തൊണ്ണൂറു ശതമാനത്തിലേറേ ജനങ്ങളും പട്ടിക വര്‍ഗക്കാരാണ്. മറ്റു പത്തു ശതമാനം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലിക്കായി എത്തിയിട്ടുള്ള വിവിധ മതസ്ഥരും. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ എന്നീ ഇന്ധന കമ്പനികളാണു കേരളത്തില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. റോഡുവക്കില്‍ സ്ഥലമുണ്ടെങ്കിലും ഭീമമായ തുക മുടക്കാനില്ലാതെ പിന്നോട്ടു മാറുന്നതു മുതലെടുത്താണു മാഫിയകള്‍ ഇവരുടെ സ്ഥലം ലീസിനു വാങ്ങി ബിനാമി പേരില്‍ പെട്രോള്‍ പമ്പ് ലൈസന്‍സ് സമ്പാദിക്കുന്നത്. ലൈസന്‍സ് സമ്പാദിച്ചശേഷം ബിനാമികള്‍ക്കു വീതമോ പണമോ പ്രതിഫലമായി നല്‍കുന്നു.

RELATED STORIES