ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിനെ തുടർന്ന് സംസ്ഥാനമെങ്ങും കോൺഗ്രസ് പ്രതിഷേധം

പ്രതിഷേധ പരിപാടികളുമായി കോൺഗ്രസ് രംഗത്തിറങ്ങുകയാണ്. വൈകിട്ട് മൂന്ന് മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധസംഗമം നടക്കും. കെസി വേണുഗോപാൽ എംപി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി വൈകിയും സംസ്ഥാനത്തെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങൾ തുടർന്നു. പ്രതിഷേധക്കാരെ നീക്കാൻ പൊലീസ് ഏറെ പരിശ്രമിക്കേണ്ടി വന്നു. ചില സ്ഥലങ്ങളിൽ സംഘർഷാവസ്ഥയും ഉണ്ടായി.

വിവിധ ജില്ലകളിൽ നടന്ന കോൺഗ്രസ് മാർച്ചുകളിൽ സംഘർഷം അരങ്ങേറി. പല സ്ഥലങ്ങളിലും പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു, ഏറെ നേരം ഗതാഗതം സ്തംഭിപ്പിച്ച ശേഷമാണ് അവർ പിന്തിരിഞ്ഞത്. തിരുവനന്തപുരം സെക്രട്ടേറിയറ്റ് മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വൻ സംഘർഷം ഉണ്ടായി. തുടർന്ന് പൊലീസ് ലാത്തിചാർജ് നടത്തി. കൊല്ലത്ത് രാത്രി ഏറെ വൈകി പ്രവർത്തകർ പ്രകടനങ്ങളും ഉപരോധങ്ങളും നടത്തി. ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചു. കരുനാഗപ്പള്ളിയിൽ ഹൈവേ ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ആലപ്പുഴയിലും രാത്രിയോടെ നിരവധി പ്രവർത്തകർ പ്രതിഷേധവുമായി ദേശീയപാതയിലിറങ്ങി. കളർകോട് ജംഗ്ഷനിൽ വാഹനങ്ങൾ തടഞ്ഞതോടെ വാക്കേറ്റം ഉണ്ടായി, ഹൈവേ പാലത്തിലൂടെയുള്ള ഗതാഗതം ഒരു മണിക്കൂറോളം നിലച്ചിരുന്നു.

എറണാകുളത്തും പ്രതിഷേധങ്ങൾ ശക്തമായി. നഗരത്തിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലും ആലുവയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടായി. പെരുമ്പാവൂരിൽ പന്തം കൊളുത്തിയ പ്രകടനങ്ങളിലൂടെ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധം പ്രകടിപ്പിച്ചു. തൊടുപുഴയിലും തൃശ്ശൂരിലുമെല്ലാം പ്രവർത്തകർ തെരുവിലിറങ്ങി, പൊലീസുമായുള്ള ഉന്തുംതള്ളും സംഘർഷാവസ്ഥ സൃഷ്ടിച്ചു. പാലക്കാട്ട് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് യൂത്ത് കോൺഗ്രസിന്റെ പ്രകടനങ്ങൾ നടന്നു. വയനാട്ടിലെ മാനന്തവാടിയിലും പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധം ശക്തമാക്കി.

RELATED STORIES