പൊലീസ് ജീപ്പ് നിര്‍ത്തിയിട്ടിരുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

കണ്ണൂർ : വീടിന് മുന്നില്‍ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് 'മിനി പൊലീസ് സ്റ്റേഷനായി' പ്രവര്‍ത്തിച്ചുവെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണെന്നാണ് പിണറായി വിജയന്റെ പ്രതികരണം. തന്നെ വ്യക്തിപരമായി അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചില മാധ്യമങ്ങളും അവയെ പിന്തുടര്‍ന്ന് ചില വ്യക്തികളും ഇത്തരം പ്രചാരണവുമായി രംഗത്തെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

പിണറായി പാണ്ട്യാലമുക്കിലെ വീടിന് മുന്നില്‍ പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചത് പൊലീസിന്റെ ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായിരുന്നുവെന്നാണ് പിണറായി വിജയന്‍ വ്യക്തമാക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് വകുപ്പ് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ഔട്ട്‌പോസ്റ്റ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയതെന്നും മന്ത്രി മന്ദിരങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ സമാനമായ രീതിയില്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് പതിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ വീടിന് മുന്നില്‍ ഒരിക്കലും പൊലീസ് സ്റ്റേഷന്‍ ആരംഭിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. സാധാരണ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി പൊലീസ് വാഹനത്തില്‍ ഉദ്യോഗസ്ഥര്‍ എത്തുകയും മടങ്ങുകയും ചെയ്തിരുന്നു. പിന്നീട് ആ വാഹനം ഗതാഗതയോഗ്യമല്ലാതായി അവിടെ തന്നെ കിടന്നതാണെന്നാണ് തനിക്ക് മനസ്സിലായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.


ഗതാഗതയോഗ്യമല്ലാതായ പൊലീസ് ജീപ്പ് അവിടെനിന്ന് മാറ്റി അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കുമെന്ന് അന്ന് പൊലീസ് അറിയിച്ചിരുന്നതായും പിണറായി വിജയന്‍ പറയുന്നു. എന്നാല്‍ അധികാരമൊഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും വാഹനം അവിടെനിന്ന് മാറ്റിയില്ല. ജീപ്പ് ഇത്രയും കാലം അവിടെ കിടന്നതിന്റെ കാരണം വിശദീകരിക്കേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു.


തന്റെ വീടിന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. സുരക്ഷ സംബന്ധിച്ച തീരുമാനം പൊലീസിന്റെ ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായാണ് ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. പാണ്ട്യാലമുക്കിലെ 'പ്രവിക്' വീടിന്റെ മതിലിനോട് ചേര്‍ന്ന് റോഡരികിലായിരുന്നു ജീപ്പ് വര്‍ഷങ്ങളായി നിര്‍ത്തിയിരുന്നത്. വാഹനം പ്രവര്‍ത്തനക്ഷമമല്ലാത്ത നിലയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.


പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വീടും പരിസരവും കാണാനും ദൃശ്യങ്ങള്‍ പകര്‍ത്താനുമായി നിരവധി പേര്‍ എത്തിത്തുടങ്ങിയതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജീപ്പില്‍ കാവല്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഒരു എസ്.ഐയും രണ്ട് പൊലീസുകാരും ഒരേസമയം ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് സുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്ന വാഹനം പ്രവര്‍ത്തനരഹിതമായെങ്കിലും സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന പൊലീസുകാരെ മാറ്റിയിരുന്നില്ലെന്നാണ് വിവരം.


ജീപ്പ് മാറ്റിയെങ്കിലും സുരക്ഷാ ചുമതലയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

RELATED STORIES