വേദിയാണോ വലുത് അതോ വിളിയാണോ വലുത്..?

ഇന്നത്തെ ക്രിസ്തീയ ലോകത്ത് ഒരു വ്യത്യാസം നമ്മൾ കാണുന്നത്.

വലിയ കൺവെൻഷൻ വേദികളിൽ ആയിരങ്ങൾക്ക് മുന്നിൽ പ്രസംഗിക്കാൻ ചില ശുശ്രൂഷകർ എപ്പോഴും തയ്യാറാണ്.ലൈറ്റുകൾ, ക്യാമറകൾ, കൈയടികൾ, സോഷ്യൽ മീഡിയ ലൈവ്… എല്ലാം അവിടെ സജ്ജമാണല്ലോ.

പക്ഷേ ഒരു സാധാരണ വീട്ടിൽ നടക്കുന്ന പ്രാർത്ഥന മീറ്റിംഗിലേക്ക് വിളിച്ചാൽ

ചിലപ്പോൾ സമയം ഇല്ല. ചിലപ്പോൾ തിരക്ക്. ചിലപ്പോൾ അടുത്ത തവണ നോക്കാം എന്ന മറുപടിയാണ് ലഭിക്കുന്നത്.

ഇവിടെയാണ് ഒരു ചോദ്യം ഉയരുന്നത്.

ശുശ്രൂഷ വേദിക്കായാണോ..? ആത്മാക്കൾക്കായാണോ..?

ഇനി ഇവർ മാതൃകയായി എടുക്കുന്ന യേശുവാണെങ്കിൽ ശുശ്രൂഷ ജീവിതത്തിൽ രാജകൊട്ടാരങ്ങൾ  മാത്രം തേടി നടന്നിട്ടില്ല.

അവൻ വലിയ വേദികളും അന്വേഷിച്ചില്ല. യേശു ക്ഷണിക്കാതെയും,ക്ഷണിച്ചും പല വീടുകളിലേക്കും പോയിട്ടുണ്ട്.

നികുതിക്കാരന്റെ വീട്ടിൽ അവനോടൊപ്പം ഭക്ഷണം കഴിച്ചു.

രോഗിയുടെ വീട്ടിൽ കയറി അവന് സൗഖ്യം നൽകിയിട്ടുണ്ട്.

കിണറ്റരികിൽ നിന്ന സ്ത്രീയോട് സംസാരിച്ചു സമയം ചിലവഴിച്ചിട്ടുണ്ട്.

യേശു കുഞ്ഞുങ്ങളെ കൈയിൽ എടുത്ത് അനുഗ്രഹിച്ചിട്ടുണ്ട്.

യേശു ജനക്കൂട്ടത്തിന്റെ എണ്ണം നോക്കിയില്ല.

ഹൃദയത്തിന്റെ ആവശ്യം മാത്രം നോക്കി.

ഇന്നത്തെ കാലത്ത് പലരും ശുശ്രൂഷയുടെ വിജയം അളക്കുന്നത് എത്ര പേർ പങ്കെടുത്തു..?

എത്ര പേർ ലൈവിൽ കണ്ടു..?

എത്ര പേർ കൈയടിച്ചു..?

എന്നാൽ ദൈവത്തിന്റെ അളവുകോൽ വ്യത്യസ്തമാണ്.

നീ കാരണം തകർന്ന ഹൃദയം ആശ്വാസം കണ്ടെത്തിയോ..?

നീ കാരണം ഒരു കുടുംബത്തിൽ എങ്കിലും സമാധാനം വന്നോ..?

നീ കാരണം ഒരാളെങ്കിലും മാനസാന്തരം പ്രാപിച്ചോ..?

സ്വർഗ്ഗം സന്തോഷിക്കുന്നത്  ഒരു വലിയ കൺവെൻഷൻ വിജയിച്ചതിനല്ല. പകരം ഒരു പാപിക്ക് മാനസാന്തരം വരുമ്പോഴാണ്.

വലിയ വേദികളിൽ പ്രസംഗിക്കുന്നത് തെറ്റാണ് എന്ന് അഭിപ്രായമില്ല. 

ദൈവം ചിലരെ വലിയ ജനക്കൂട്ടങ്ങളിലേക്ക് ആണ് വിളിക്കുന്നത്.

പക്ഷേ ചെറിയ വേദിയെ അവഗണിക്കുന്നത് ആത്മീയ അപകടമാണ്.

കാരണം ഒരു വീട്ടിലെ പ്രാർത്ഥന മീറ്റിംഗിൽ

ചിലപ്പോൾ ഒരു തകർന്ന ആത്മാവ് ഇരിക്കാം.

 ആത്മഹത്യാ ചിന്തയിൽ ഉള്ള യുവാവ് ഇരിക്കാം.

ജീവിതത്തിനോട് അവസാന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു അമ്മയും ഇരിക്കാം.

ആ ഒരാൾക്കായി പോലും പോകാൻ തയ്യാറല്ലെങ്കിൽ

നമ്മുടെ ശുശ്രൂഷ യഥാർത്ഥത്തിൽ ആർക്ക് വേണ്ടിയാണ്..?

ശുശ്രൂഷ വേദിയുടെ ഉയരത്തിൽ അല്ല.

വിളിയുടെ വിശുദ്ധിയിലാണ്.

ലൈറ്റുകൾ ഇല്ലാത്ത വേദികളിലും,

കയ്യടി ഇല്ലാത്ത മീറ്റിംഗുകളിലും,

ക്യാമറകൾ ഇല്ലാത്ത വീടുകളിലും

ദൈവം ശക്തമായി പ്രവർത്തിക്കുന്നു.


ഇനി നമ്മുടെ ഹൃദയത്തിൽ ചോദിക്കാം.

നമ്മൾ വേദിയെ അന്വേഷിക്കുകയാണോ..?

അല്ലെങ്കിൽ ദൈവത്തിന്റെ ഹൃദയത്തെയാണോ..?

RELATED STORIES