മദ്യക്കുപ്പിയിലെ ഹോളോഗ്രാം അച്ചടിയിൽ 2,000 കോടിയുടെ അഴിമതി ആരോപണം ; സി-ഡിറ്റിന്റെ കരാർ മാറ്റാൻ നീക്കം?

തിരുവനന്തപുരം: മദ്യക്കുപ്പികളിൽ പതിക്കുന്ന ഹോളോഗ്രാം സ്റ്റിക്കറുകളുടെ അച്ചടിയും വിതരണവും സംബന്ധിച്ച പുതിയ നീക്കം വിവാദത്തിൽ. സെക്യൂരിറ്റി പ്രിന്റിങ് സംവിധാനം വാടകയ്‌ക്കെടുക്കാനുള്ള സി-ഡിറ്റിന്റെ ദർഘാസ് നടപടിക്കെതിരെ 2,000 കോടിയോളം രൂപയുടെ അഴിമതി ആരോപണമാണ് ഉയർന്നിരിക്കുന്നത്.

കോതമംഗലം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടിലാണ് ആരോപണം. പ്രസ്തുത സ്ഥാപനം ഒരു എക്സൈസ് ഉദ്യോഗസ്ഥന്റെ ബിനാമി സ്ഥാപനമാണെന്നും ആരോപണമുണ്ട്. എന്നാൽ ആരോപണങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. ഹോളോഗ്രാം അച്ചടിക്കായി സെക്യൂരിറ്റി പ്രിന്റിങ് സൗകര്യം വാടകയ്‌ക്കെടുക്കാനുള്ള ദർഘാസ് ക്ഷണിച്ചുകൊണ്ടുള്ള സി-ഡിറ്റിന്റെ അറിയിപ്പാണ് വിവാദത്തിന് വഴിതുറന്നത്.


2001 മുതൽ മദ്യക്കുപ്പികളിൽ പതിക്കുന്ന ഹോളോഗ്രാം സ്റ്റിക്കറുകളുടെ അച്ചടിയും വിതരണവും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റിന്റെ ചുമതലയിലായിരുന്നു. വ്യാജ സ്റ്റിക്കറുകൾ തടയുന്നതിനും മദ്യവിതരണ ശൃംഖല നിരീക്ഷിക്കുന്നതിനുമായി ക്യുആർ കോഡും 30 സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഹോളോഗ്രാഫിക് ടാക്സ് ലേബലുകളാണ് നിലവിൽ ഉപയോഗിക്കുന്നത്.

എന്നാൽ അച്ചടി സംവിധാനം സ്വകാര്യ മേഖലയ്ക്ക് വാടകയ്ക്ക് നൽകുന്നതോടെ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ നിയന്ത്രണവും സുതാര്യതയും നഷ്ടപ്പെടുമെന്ന ആശങ്ക ശക്തമാണ്. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടാനും വ്യാജ സ്റ്റിക്കറുകൾ വ്യാപകമാകാനും സാധ്യതയുണ്ടെന്നാണ് ഉയരുന്ന മുന്നറിയിപ്പ്.

ഇരുപത്തഞ്ച് വർഷത്തിനിടെ 250 കോടി രൂപയുടെ വിറ്റുവരവും 100 കോടി രൂപയുടെ ലാഭവും നേടിയ സ്ഥാപനമാണ് സി-ഡിറ്റ്. ഉയർന്ന സുരക്ഷാ സംവിധാനങ്ങളോടെയുള്ള ഹോളോഗ്രാം നിർമ്മാണം സംസ്ഥാനത്തെ മദ്യവിതരണ രംഗത്ത് വിശ്വാസ്യത ഉറപ്പാക്കുന്നതിൽ നിർണായകമായിരുന്നുവെന്നാണ് വിലയിരുത്തൽ.

2001ന് ശേഷം മദ്യദുരന്തങ്ങൾ ഒഴിവാക്കുന്നതിൽ ഈ സുരക്ഷാ സംവിധാനങ്ങൾക്ക് പങ്കുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പുതിയ നീക്കത്തിലൂടെ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ സുരക്ഷയെയും ഉപഭോക്താക്കളുടെ വിശ്വാസത്തെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഹോളോഗ്രാം നിർമ്മാണത്തിനുപയോഗിക്കുന്ന സാങ്കേതികവിദ്യ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൈമാറുന്നത് ചോർച്ചയ്ക്കും വ്യാപകമായ ദുരുപയോഗത്തിനും വഴിയൊരുക്കുമെന്ന മുന്നറിയിപ്പും ശക്തമാണ്. ഇത് വ്യാജമദ്യ വ്യാപനത്തിനും ഗുരുതരമായ മദ്യദുരന്തങ്ങൾക്കും കാരണമായേക്കാമെന്നാണ് ആശങ്ക.

കരാർ മാറ്റാനുള്ള നീക്കത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന നിലപാട് എക്സൈസ് മന്ത്രി എം. ലിജു സ്വീകരിച്ചേക്കുമെന്ന രാഷ്ട്രീയ ആരോപണവും വിവാദത്തിന് പിന്നാലെ ഉയരുന്നുണ്ട്. ദർഘാസ് നടപടികളിലെ സുതാര്യതയും സ്വകാര്യ കമ്പനിയുടെ പങ്കാളിത്തവും സംബന്ധിച്ച് വ്യക്തത വരണമെന്ന ആവശ്യവും ശക്തമാകുകയാണ്.

RELATED STORIES