കേരള ഫീഡ്‌സിന് കടബാധ്യത ; കാലിത്തീറ്റ വില വർധനവിന് കാരണം 136 കോടിയുടെ കടമെന്ന് മന്ത്രി

കോട്ടയം : കേരള ഫീഡ്‌സിന്റെ കാലിത്തീറ്റ വില വർധനവിന് കാരണം മുൻ ഇടത് സർക്കാരിന്റെ കാലത്തുണ്ടായ 136 കോടി രൂപയുടെ കടബാധ്യതയാണെന്ന് ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനവും കാലിത്തീറ്റയുടെ വില ഉയരാൻ കാരണമായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന ദേശീയ ക്ഷീരദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനം ക്ഷീരമേഖലയിൽ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കർഷകർക്ക് ആശ്വാസമാകുന്ന ഇടപെടലുകൾ സർക്കാർ നടത്തുമെന്ന് മന്ത്രി പറഞ്ഞു. കാലിത്തീറ്റ സബ്‌സിഡി ഉൾപ്പെടെയുള്ള സഹായങ്ങൾ സർക്കാർ നൽകുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം അവ പൂർണമായി വിതരണം ചെയ്യാൻ നിലവിൽ കഴിയുന്നില്ലെന്നും വ്യക്തമാക്കി.

പാൽവില വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. എന്നാൽ പാൽവില വർധനവ് താൽക്കാലിക പരിഹാരം മാത്രമാണ്. വില ഉയർത്തുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിനെ ബാധിക്കുമെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

RELATED STORIES