പെട്രോളിലെ എഥനോൾ അളവിൽ ആശങ്ക, മൂന്നാം തവണയും കേന്ദ്രത്തോട് കത്തയച്ചു
Reporter: News Desk 28-Nov-2026164
പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ കൃത്യമായ അളവ് കണ്ടെത്താനും ഇന്ധനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തെ സമീപിച്ചു. ഇതുസംബന്ധിച്ച് മൂന്നാം തവണയും കേന്ദ്ര സർക്കാരിന് കത്തയച്ചു. നേരത്തേ നൽകിയ രണ്ട് കത്തുകളിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും ഇടപെടൽ ആവശ്യപ്പെട്ടത്.
എഥനോൾ കലരാത്ത ശുദ്ധമായ പെട്രോൾ ഉപയോഗിച്ച് താരതമ്യ പരിശോധന നടത്തിയാൽ മാത്രമേ നിലവിൽ വിപണിയിൽ ലഭിക്കുന്ന ഇന്ധനത്തിലെ എഥനോളിന്റെ കൃത്യമായ അളവും അതുമൂലമുണ്ടാകുന്ന രാസമാറ്റങ്ങളും കണ്ടെത്താൻ കഴിയൂവെന്ന് സംസ്ഥാന സർക്കാർ കത്തിൽ വ്യക്തമാക്കി. ഇതിനായി കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് വാഹനങ്ങൾക്ക് തകരാറുകൾ സംഭവിക്കുന്നുവെന്ന പരാതികൾ വർധിച്ചതോടെയാണ് സംസ്ഥാന സർക്കാർ പരിശോധനയ്ക്ക് തുടക്കമിട്ടത്. പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി വിവിധ പെട്രോൾ പമ്പുകളിൽനിന്ന് സർക്കാർ നേരിട്ട് ഇന്ധന സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.
എന്നാൽ സാമ്പിളുകളിലെ എഥനോളിന്റെ കൃത്യമായ അളവും മറ്റ് രാസമാറ്റങ്ങളും വിലയിരുത്താൻ ശുദ്ധമായ പെട്രോളുമായി താരതമ്യം ചെയ്തുള്ള പരിശോധന അനിവാര്യമാണ്.
ആവശ്യമായ സാമ്പിളുകൾ നൽകാമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയം കോർപ്പറേഷനും ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റിയെന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം. ഇതോടെ പരിശോധനകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായി.
ഈ പ്രതിസന്ധി പരിഹരിക്കാനും പരിശോധനകൾ പൂർത്തിയാക്കാനും കേന്ദ്രത്തിന്റെ അടിയന്തര ഇടപെടലാണ് കേരളം ആവശ്യപ്പെടുന്നത്.
കേന്ദ്ര സർക്കാരിന്റെ എഥനോൾ ബ്ലെൻഡഡ് പെട്രോൾ പദ്ധതിയുടെ ഭാഗമായി നിലവിൽ രാജ്യത്ത് 15 മുതൽ 20 ശതമാനം വരെ എഥനോൾ കലർത്തിയ പെട്രോളാണ് വിതരണം ചെയ്യുന്നത്. ഇന്ധനത്തിന്റെ ഗുണനിലവാരവും വാഹനങ്ങളുടെ പ്രവർത്തനക്ഷമതയും സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് സംസ്ഥാനത്തിന്റെ പുതിയ നീക്കം.



















