സഹകരണ ബാങ്കുകളിൽ സ്വർണപ്പണയ തട്ടിപ്പ് വ്യാപകം
Reporter: News Desk 28-Nov-202699
മല്ലപ്പള്ളി: കാർഷിക സഹകരണ ബാങ്കിലെ പണയസ്വർണ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്നും സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് സമാനമായ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നുമുള്ള വിജിലൻസ് മുന്നറിയിപ്പ് ഗൗരവമേറുന്നു. സഹകരണ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സംസ്ഥാനതലത്തിൽ നടത്തിയ പരിശോധനകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിക്ഷേപം തിരിച്ചുനൽകാൻ കഴിയാതെ സംസ്ഥാനത്ത് 441 സഹകരണ സംഘങ്ങൾ പ്രതിസന്ധി നേരിടുന്നതായാണ് സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. സിപിഎം നേതൃത്വം നൽകുന്ന ഭരണസമിതികൾ നിയന്ത്രിക്കുന്ന നിരവധി സംഘങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യുഡിഎഫ് ഭരണത്തിലുള്ള ചില സഹകരണ സംഘങ്ങളും സമാനമായ സാമ്പത്തിക പ്രതിസന്ധിയിലാണ്.
സ്വർണവില കുതിച്ചുയർന്നതോടെ പല സഹകരണ സംഘങ്ങളിലും പണയസ്വർണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ വർധിച്ചതായാണ് ആരോപണം. പവന് 30,000, 40,000 രൂപ വിലയുണ്ടായിരുന്ന കാലത്ത് പണയംവെച്ച സ്വർണം, പലിശയും പിഴപ്പലിശയും ഉൾപ്പെടെ കുടിശ്ശിക വർധിച്ചതോടെ തിരിച്ചെടുക്കാതെ ഉപേക്ഷിച്ചവയുണ്ടായി.
ഇത്തരം സ്വർണം കുറഞ്ഞ വിലയ്ക്ക് ലേലം ചെയ്തതായി വ്യാജരേഖകൾ തയ്യാറാക്കി വിപണിവിലയ്ക്ക് മറിച്ചുവിൽക്കുന്ന രീതിയാണ് ചില സംഘങ്ങളിൽ നടന്നതെന്നാണ് ആരോപണം. ഇതിലൂടെ ലഭിച്ച അധികതുക ബാങ്കിന്റെ വരവിൽ ഉൾപ്പെടുത്തി നഷ്ടം നികത്തുന്നതിനുപകരം ജീവനക്കാരും ഭരണസമിതി അംഗങ്ങളും പങ്കിട്ടെടുക്കുന്നതായും വിരമിച്ച ചില ബാങ്ക് ജീവനക്കാർ ആരോപിക്കുന്നു.
ജീവനക്കാരുടെ ഒത്താശയോടെ മുക്കുപണ്ടം പണയംവെച്ച് കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾ നടത്തുന്ന സംഭവങ്ങളും സഹകരണ മേഖലയിൽ വ്യാപകമാണെന്ന ആരോപണമുണ്ട്. അഴിമതി, സ്വജനപക്ഷപാതം, രാഷ്ട്രീയ ഇടപെടൽ എന്നിവ മൂലം നിരവധി സംഘങ്ങൾ കടക്കെണിയിലാകുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സഹകരണ മേഖലയിലെ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഗ്രാമീണ മേഖലയിലെ സാധാരണ നിക്ഷേപകരെയും കർഷകരെയും ചെറുകിട വ്യാപാരികളെയുമാണ്. ജീവിതസമ്പാദ്യം സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടും പണം തിരിച്ചുകിട്ടാതെ ദുരിതത്തിലാകുന്നവരുടെ എണ്ണം വർധിക്കുകയാണ്. നിക്ഷേപം നഷ്ടപ്പെട്ടതിനെത്തുടർന്ന് ആത്മഹത്യയിലേക്ക് നീങ്ങുന്നവരുടെ സംഭവങ്ങളും ആശങ്കയുയർത്തുന്നു.
സഹകരണ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ സമഗ്രമായി പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.



















