സ്ത്രീസുരക്ഷയുടെ സന്ദേശവുമായി പത്തനംതിട്ടയിൽ വനിതാ മാരത്തോൺ ; ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തു

പത്തനംതിട്ട: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും സ്ത്രീസുരക്ഷയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി വനിതാ ശിശുവികസന വകുപ്പിന്റെ 'ഓറഞ്ച് ദി വേൾഡ്' ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ടയിൽ വനിതാ മാരത്തോൺ സംഘടിപ്പിച്ചു.

ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥർ, സ്കൂൾ-കോളേജ് വിദ്യാർഥിനികൾ, എൻഎസ്എസ് വളണ്ടിയർമാർ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച മാരത്തോൺ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ജില്ലാ പോലീസ് ഓഫീസിൽ സമാപിച്ചു.

മാരത്തോണിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് നിർവഹിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ സമൂഹത്തിൽ ശക്തമായ ബോധവൽക്കരണം നടത്തുകയും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള കൂട്ടായ ഉത്തരവാദിത്തം പൊതുജനങ്ങളിൽ വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

കോന്നി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് നിമിഷി ത്രിപാഠി ഐപിഎസ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആർ. ശ്രീകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

ജില്ലാ പോലീസ് മേധാവിയും കോന്നി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസും വനിതാ പ്രവർത്തകർക്കൊപ്പം മാരത്തോണിൽ പങ്കെടുക്കുകയും ക്യാമ്പയിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും അതിക്രമങ്ങൾക്കെതിരെ പൊതുസമൂഹത്തിന്റെ കൂട്ടായ ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം പരിപാടികൾ സഹായകരമാകുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

RELATED STORIES