രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക്

കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂരിലും കാലടിയിലും കർശന സുരക്ഷാ ക്രമീകരണങ്ങൾ. നവംബർ 27 വെള്ളിയാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും രാഷ്ട്രപതി ദർശനം നടത്തും. സന്ദർശനത്തിന്റെ ഭാഗമായി ഇരുപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 11 മണിക്ക് രാഷ്ട്രപതി കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെത്തും. ദർശനത്തിനുശേഷം 11.30-ന് മടങ്ങും. ക്ഷേത്രദർശനം മാത്രമാണ് സന്ദർശനത്തിന്റെ ഭാഗം.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ മുതൽ വൈകിട്ട് നാല് മണിവരെ കാലടി ക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.

ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് അരിയന്നൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന രാഷ്ട്രപതി തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. വൈകിട്ട് 3.50-ന് ക്ഷേത്രത്തിലേക്ക് പുറപ്പെടും. 4.15 വരെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം 4.30-ന് മടങ്ങും.

ഗുരുവായൂരിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ചുവിടും

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ചൂണ്ടൽ മുതൽ ഗുരുവായൂർ കാരക്കാട് ജങ്ഷൻ വരെ ഗതാഗതം പൂർണമായും നിരോധിക്കും. സന്ദർശനത്തിന് മുന്നോടിയായുള്ള ട്രയൽ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ചയും നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അറിയിച്ചു.

RELATED STORIES